Aroor-Thuravoor Elevated Highway: താഴെ സൈക്കിള്‍ സവാരി, മുകളില്‍ ശബ്ദ കോലാഹങ്ങളില്ലാത്ത യാത്ര; അരൂര്‍-തുറവൂര്‍ ഉയരപ്പാത സ്‌പെഷ്യലാണ്
Noise Barriers Coming to Aroor-Thuravoor Elevated Highway: അരൂർ മുതൽ തുറവൂർ വരെ നിർമ്മിക്കുന്ന പുതിയ എലിവേറ്റഡ് ഹൈവേയിൽ ശബ്ദ കോലാഹങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സജ്ജീകരണം ഒരുക്കുന്നു. പ്രത്യേക നോയ്‌സ് ബാരിയറുകളാണ് എന്‍എച്ച്എഐ സ്ഥാപിക്കുന്നത്.

പ്രതീകാത്മക ചിത്രം
കൊച്ചി: അരൂർ മുതൽ തുറവൂർ വരെ നിർമ്മിക്കുന്ന പുതിയ എലിവേറ്റഡ് ഹൈവേയിൽ ശബ്ദ കോലാഹങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സജ്ജീകരണവുമായി ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ). വാഹനങ്ങളുടെ ശബ്ദം കുറയ്ക്കുന്നതിനായി പ്രത്യേക നോയ്‌സ് ബാരിയറുകളാണ് എന്‍എച്ച്എഐ സ്ഥാപിക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു ഹൈവേയിൽ നോയ്‌സ് ബാരിയറുകള്‍ സ്ഥാപിക്കുന്നത്.
12.75 കിലോമീറ്റർ ദൈർഘ്യമുള്ള അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ഇരുവശത്തുമാണ് നോയ്‌സ് ബാരിയറുകള്‍ സ്ഥാപിക്കുന്നത്. നിലവിലുള്ള നാലുവരി പാതയ്ക്ക് നേരെ മുകളിലാണ് ഹൈവേ നിർമ്മിക്കുന്നത്. പാതയുടെ ഇരുവശങ്ങളിലുമായി ഏകദേശം 25.5 കി.മീ ഭാഗത്ത് കൈവരിക്ക് മുകളിലായി 1.8 മീറ്റര്‍ ഉയരത്തില്‍ ബ്രിഡ്ജ് നോയിസ് ബാരിയറുകളാണ് സ്ഥാപിക്കുന്നത്.
റെസിഡൻഷ്യൽ ഏരിയകൾ, ബഹുനില കെട്ടിടങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ പാതയ്ക്ക് സമീപമുണ്ട്. ഈ സാഹചര്യത്തിലാണ് ശബ്ദ തടസങ്ങള്‍ കുറയ്ക്കുന്ന സംവിധാനങ്ങള്‍ ഒരുക്കാന്‍ എന്‍എച്ച്എഐ തീരുമാനിച്ചത്.
പോളികാർബണേറ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് നോയ്‌സ് ബാരിയറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാഹനങ്ങളുടെ എൻജിൻ ശബ്ദം, ഹോൺ അടി എന്നിവ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം 10 മുതൽ 15 ഡെസിബെൽ വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഹേവേയ്ക്ക് സമീപമുള്ള കെട്ടിടങ്ങളിലുള്ളവര്‍ക്ക് വലിയ ആശ്വാസമാകും. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസന്ധിയും കുറയ്ക്കാനാകും.
എലിവേറ്റഡ് ഹൈവേയുടെ പുറം ഭിത്തികളിലും ഇത് സ്ഥാപിക്കും. നിലവില്‍ തുറവൂർ-കുത്തിയത്തോട് സെക്ഷനിൽ നോയ്‌സ് ബാരിയറുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. ഡൽഹി പോലുള്ള രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നോയ്‌സ് ബാരിയറുകള്‍ വിജയകരമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്.
താഴെ സൈക്കിള്‍ ട്രാക്ക്
എലവേറ്റഡ് കോറിഡോറിന് താഴെ ഒരു പ്രത്യേക ഹൈവേ സൈക്കിൾ ട്രാക്ക് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനവും എന്‍എച്ച്എഐ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി സൈക്കിള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സവാരി നടത്താനാകും. കേരളത്തിലെ ഒരു പ്രധാന ഹൈവേ പദ്ധതിയിൽ ഇത്തരത്തില്‍ സൈക്ലിങ് സംവിധാനങ്ങളും എന്‍എച്ച്എഐ ഒരുക്കുന്നതും ഇതാദ്യമായാണ്.
അരൂരിനും ചന്തിരൂരിനും ഇടയിലുള്ള 5 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ മാസത്തോടെ തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജൂൺ 30-ഓടെ മുഴുവൻ ജോലികളും തീർക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.