Athulya Satheesh Death: അതുല്യയുടെ ഭർത്താവിന്റെ വാദങ്ങൾ തള്ളി, സതീഷിനെതിരേ കൊലപാതക കുറ്റത്തിന് കേസ്
Husband Satheesh Accused of Murder: വിവാഹം കഴിഞ്ഞത് മുതൽ അതുല്യ സതീഷിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു.
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾക്ക് കേസെടുത്തു. സതീഷിന്റെ വാദങ്ങൾ തള്ളി കൊണ്ടാണ് ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തത്.
അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടിരുന്നുവെന്നും കാണിച്ച് അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ കൊലപാതക കുറ്റം ചുമത്തിയത്. സ്ത്രീധന പീഡനം, മാരകായുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, ക്രൂരത തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
സതീഷിന്റെ വാദങ്ങൾ തള്ളി
അതുല്യ ആത്മഹത്യ ചെയ്തതാണെന്നും താനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുല്യ കാരണം തനിക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിച്ചിരുന്നില്ല എന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സതീഷ് ആരോപിച്ചു. ഈ വാദങ്ങൾ എല്ലാം തള്ളിക്കൊണ്ടാണ് പോലീസ് കേസെടുത്തത്. അതുല്യ മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കും സഹോദരിക്കും അയച്ച ചില ശബ്ദ സന്ദേശങ്ങളും സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഉള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ അതുല്യയുടെ ശരീരത്തിൽ ചതവുകളും കാണാം. ഇത് സതീഷിന്റെ വാദങ്ങളെ ദുർബലപ്പെടുത്തുന്നുണ്ട്..
ക്രൂരമായ പീഡനം
വിവാഹം കഴിഞ്ഞത് മുതൽ അതുല്യ സതീഷിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. മൂത്രം കുടിപ്പിക്കൽ, അടിവസ്ത്രം മുഖത്തേക്ക് എറിയൽ തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളും നടന്നിരുന്നതായി സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഷാർജ പോലീസിലും ഇതിനുമുൻപ് അതുല്യ പരാതി നൽകിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ജൂലൈ 18ന് അതുല്യ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഇത് അവരുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് . പുതിയ ജോലിക്ക് പ്രവേശിക്കാൻ ഇരിക്കയാണ് മരണം.