Athulya Satheesh Death Case: ‘അവള്‍ ഒരുപാട് സഹിച്ചു, സതീഷിന് സംശയ രോഗം’; പ്രതികരിച്ച് അതുല്യയുടെ സഹോദരി
Athulya Satheesh Death Case updates: അവളുടെ ചിരിച്ച മുഖമാണ് ഇപ്പോഴും മനസിൽ, ചേച്ചി ഇങ്ങനെ ചെയ്യില്ല. ഇത്രയും കാലം പിടിച്ച് നിന്നതല്ലേ എന്ന് അതുല്യയുടെ സഹോദരി അഖില പറയുന്നു.
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് സഹോദരി അഖില. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും സതീഷിന് സംശയ രോഗമാണെന്നും അഖില പറഞ്ഞു.
അതുല്യ ബോൾഡായിരുന്നു. പതിനൊന്ന് വർഷം ചേച്ചി സഹിച്ചു. ആത്മഹത്യ ചെയ്യാനാണെങ്കിൽ മുന്നേ ചെയ്യുമായിരുന്നു. പത്തൊമ്പതാം തീയതി വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വഴക്കിന്റെ പാടെല്ലാം ദേഹത്തുണ്ടായിരുന്നു. ആറ് മണിവരെ എന്നോടൊപ്പം ഉണ്ടായിരുന്നു. ആ സമയത്ത് മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു ഹാപ്പിയായിരുന്നു. അവളുടെ ചിരിച്ച മുഖമാണ് ഇപ്പോഴും മനസിൽ, ചേച്ചി ഇങ്ങനെ ചെയ്യില്ല. ഇത്രയും കാലം പിടിച്ച് നിന്നതല്ലേ എന്ന് അഖില പറയുന്നു.
സഹിക്കാൻ പറ്റാതെ അതുല്യ തിരികെ നാട്ടിലേക്ക് വരാൻ തീരുമാനിക്കുമ്പോഴെല്ലാം മാപ്പ് പറഞ്ഞ് സതീഷ് അവളെ പിടിച്ച് നിർത്തുകയായിരുന്നു. ഒരവസരം കൂടി കൊടുക്കാം ടീ, ഇനി കുടിക്കില്ലെന്ന് സത്യം ചെയ്തു എന്നെല്ലാം അതുല്യ പറഞ്ഞു. സതീഷിന് പൊസസീവ്നസ് അല്ല, സംശയ രോഗമായിരുന്നെന്നും അഖില പറഞ്ഞു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് സതീഷ് രംഗത്തെത്തിയിരുന്നു. അതുല്യ തന്റെ അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്‌തെന്നും സതീഷ് ആരോപിച്ചു. അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘അതു പോയി ഞാനും പോകുന്നു’ എന്നായിരുന്നു പോസ്റ്റ്. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സതീഷിനെതിരെ കേസെടുത്തിരിക്കുന്നത്.