Athulya Satheesh Death: അതുല്യയുടെ മരണം: പോസ്റ്റ്മോർട്ടം ഇന്ന്; ഷാർജയിൽ നിയമ നടപടിക്കും നീക്കം
Athulya Satheesh Death: ഭർത്താവ് സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികൾ ആരംഭിക്കാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം.
കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ അതീവനിർണായകമാണ്. ഭർത്താവ് സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികൾ ആരംഭിക്കാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം.
നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം അതുല്യയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. കൊല്ലം ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. സതീഷിനെതിരെ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും സതീഷിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
Also Read:അതുല്യയുടെ ഭർത്താവിന്റെ വാദങ്ങൾ തള്ളി, സതീഷിനെതിരേ കൊലപാതക കുറ്റത്തിന് കേസ്
അതുല്യയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിശദമായ മൊഴിയെടുക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഭർത്താവ് മകളെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞത് മുതൽ മകൾ എല്ലാം സഹിക്കുകയായിരുന്നുവെന്നുമാണ് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു.