Kozhikode ATM Robbery: ലക്ഷങ്ങളുടെ കടബാധ്യത; ഡമ്മി എടിഎം ഉണ്ടാക്കി മോഷണം പരിശീലിച്ചു; ഒടുവിൽ കൗണ്ടർ മുറിക്കുന്നതിനിടെ പോലീസ് പൊക്കി
ATM Robbery Attempt in Kozhikode: മോഷണം നടത്തുന്നതിന്റെ ഭാഗമായി ഇയാൾ സമീപമുള്ള ജ്വല്ലറിയിലെയും മെഡിക്കൽ ഷോപ്പിലെയും സിസിടിവി ക്യാമറകൾ തിരിച്ചുവെച്ചിരുന്നു.

കോഴിക്കോട്: എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വ്യാഴാഴ്ച പുലർച്ചെയോടെ പറമ്പിൽക്കടവ് പാലത്തിന് സമീപത്തുള്ള ഹിറ്റാച്ചി എടിഎമ്മിൽ ആയിരുന്നു മോഷണശ്രമം. സമീപത്തുള്ള മെഡിക്കൽ ഷോപ്പിലെ സിസിടി ക്യാമറകൾ തിരിച്ചുവെച്ച ശേഷമാണ് പ്രതി എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഒതുക്കുങ്ങൽ സ്വദേശി വിജേഷിന് എതിരെ പോലീസ് കേസെടുത്തു.
ഷെയർ മാർക്കെറ്റ് അടക്കമുള്ളവയിൽ പണം നിക്ഷേപിച്ച് കടബാധിതനായ വിജേഷിന് ഏകദേശം 40 ലക്ഷം രൂപയോളം കടമുണ്ട്. ഈ കടബാധ്യത തീർക്കാൻ വേണ്ടിയാണ് ഇയാൾ മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഡമ്മി എടിഎം നിർമിച്ച് ഇയാൾ മോഷണം പരിശീലിച്ചിരുന്നതായാണ് വിവരം.
പറമ്പിൽക്കടവ് പാലത്തിന് സമീപത്തുള്ള ഹിറ്റാച്ചി എടിഎമ്മിൽ മോഷണം നടത്തുന്നതിന്റെ ഭാഗമായി ഇയാൾ സമീപമുള്ള ജ്വല്ലറിയിലെയും മെഡിക്കൽ ഷോപ്പിലെയും സിസിടിവി ക്യാമറകൾ തിരിച്ചുവെച്ചിരുന്നു. തുടർന്ന്, എടിഎം കൗണ്ടറിന്റെ ഒരു ഭാഗം കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ കൺട്രോൾ റൂമിലെ ശബ്ദം കേട്ട് പോലീസ് ഉടൻ സ്ഥലത്തെത്തുക ആയിരുന്നു. പ്രതിയായ വിജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. വിജേഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ALSO READ: ‘മസ്റ്ററിങ് നടത്താത്തവർക്ക് റേഷൻ നൽകില്ല’; ഇതുവരെ നടത്തിയത് 93 ശതമാനം പേർ, ഇനി ദിവസങ്ങൾ മാത്രം
സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണമെന്ന് ജിആർ അനിൽ
സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഉടൻ ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുള്ളത് 93 ശതമാനം പേർ മാത്രമാണ്. ബാക്കിയുള്ള ഏഴ് ശതമാനത്തോളം ആളുകൾ നിർബന്ധമായും മാർച്ചിനകം തന്നെ മാസ്റ്ററിങ് പൂർത്തിയാക്കണം എന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര നിർദേശ പ്രകാരം മസ്റ്ററിങ് നടത്താത്തവർക്ക് റേഷൻ വിഹിതം ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് 50000 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. അതിനിടെ മസ്റ്ററിങ് ചെയ്ത പലരുടെയും പേരുകൾ കാർഡിൽ കാണാനില്ലെന്നു ചില പരാതികൾ കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. കാർഡ് ഉടമകളും വ്യാപാരികളുമാണ് മസ്റ്ററിങ്ങിന് ശേഷം പ്രായമായവരുടെയും കുട്ടികളുടെയും പേരുകൾ കാർഡിൽ കാണാനില്ലെന്ന പരാതിയുമായി വന്നത്.