Kottayam Medical College Ragging :’വണ്‍, ടൂ, ത്രീ; മതി ഏട്ടാ വേദനിക്കുന്നു’; കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്
Kottayam Nursing College Ragging Video Released: വണ്‍, ടൂ, ത്രീ എന്നുപറഞ്ഞ് ശരീരത്തിലെ ഓരോ ഭാഗത്തും കോമ്പസ് ഉപയോഗിച്ച് കുത്തുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിളവിളിക്കുമ്പോഴും അട്ടഹസിക്കുന്നതും അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജിൽ അരങ്ങേറിയ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജൂനിയർ വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിന്റെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തിപരിക്കേൽപ്പിക്കുന്നതും ദേഹമാസകലം ലോഷൻ പുരട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും വീഡിയോയിൽ കാണാം. സീനിയർ വിദ്യാർത്ഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
തോർത്ത് വച്ച് കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണ് കോമ്പസ് ഉപയോഗിച്ച് വിദ്യാർത്ഥിയുടെ ശരീരത്തിൽ കുത്തിപരിക്കേൽപ്പിച്ചത്. വണ്‍, ടൂ, ത്രീ എന്നുപറഞ്ഞ് ശരീരത്തിലെ ഓരോ ഭാഗത്തും കോമ്പസ് ഉപയോഗിച്ച് കുത്തുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിളവിളിക്കുമ്പോഴും അട്ടഹസിക്കുന്നതും അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വേദനകൊണ്ട് കരഞ്ഞ വിദ്യാർത്ഥിയുടെ കണ്ണിലും വായിലും ലോഷന്‍ ഒഴിക്കുന്നതും വീഡിയോയിലുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെ ഞാൻ വട്ടം വരയ്ക്കാം എന്ന് പറഞ്ഞ് സീനിയർ വിദ്യാർത്ഥി കോമ്പസ് കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയര്‍ വിദ്യാർത്ഥി കരഞ്ഞുപറയുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസമാണ് ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗിംങിന് വിധേയരാക്കിയത് എന്ന് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്. സംഭവത്തിൽ കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയര്‍ വിദ്യാര്‍ത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, റാഗിങ്ങിന് കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.