Paliekkara Toll: പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും; ഹൈക്കോടതി തീരുമാനം തിങ്കളാഴ്ചയോടെ
Ban on Paliyekkara Toll: ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സമയം വേണമെന്നും ഹൈക്കോടതി അറിയിച്ചു. റോഡ് നന്നാക്കി ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നത്.

Paliyekkara Toll
എറണാകുളം: പാലിയേക്കര ടോൾ പിരിവ് വിലക്ക് തുടരും. വരുന്ന തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അതിനാൽ അതുവരെ ടോൾ വിലക്ക് തുടരും. ടോൾ പിരിവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ കളക്ടർ ഇന്നും കോടതിയിൽ ഹാജരായി.
ഇടക്കാല ഗതാഗത കമ്മറ്റി സമർപ്പിച്ച പുതിയ റിപ്പോർട്ടും കോടതി പരിശോധിച്ചു. ഹർജി നൽകിയവരെ പൂർണമായും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നാണ് NHAI കോടതിയെ അറിയിച്ചിരിക്കുന്നത്. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിൽ ജോലികൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സമയം വേണമെന്നും ഹൈക്കോടതി അറിയിച്ചു. റോഡ് നന്നാക്കി ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നത്.
ഹർജിയിൽ പറയുന്നത് ഇങ്ങനെ
പാലിയേക്കരയിൽ ടോൾപിരിവ് പഴയപ്പടിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അടിപ്പാത നിർമാണം നടക്കുന്ന മേഖലകളിൽ സർവീസ് റോഡുകളുടെ അവസ്ഥ എന്താണെന്നാണ് കോടതി പ്രധാനമായും നിരീക്ഷിച്ചത്. എല്ലാ സർവീസ് റോഡുകളും കുഴിയടച്ച് നന്നാക്കിയില്ലെന്നായിരുന്നു കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കൊരട്ടിയിലെ സർവീസ് റോഡ് പൂർണമായും ഗതാഗത യോഗ്യമല്ലെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്.