ശത്രുരാജ്യങ്ങളുടെ പേടി സ്വപ്നം! ബ്രഹ്മോസ് മിസൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാകാൻ തിരുവനന്തപുരം
Brahmos missile manufacturing Nettukaltheri: പുതുതലമുറ ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) നെട്ടുകാൽത്തേരിയിൽ 180 ഏക്കർ സർക്കാർ അനുവദിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് ട്രിവാൻഡ്രം ലിമിറ്റഡ് (ബിഎടിഎൽ) ചാക്കയിൽ പ്രവർത്തിക്കുന്നുണ്ട്, എന്നാലവിടെ മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്‌നർ യൂണിറ്റിന്റെ രൂപകല്പനയും എയർബോൺ ലോഞ്ചറിന്റെ നിർമാണവുമാണ് നടക്കുന്നത്.

Brahmos Missile Manufacturing Nettukaltheri
തിരുവനന്തപുരം: ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നവും ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും തന്ത്രപ്രധാന സുരക്ഷയുടെ നെടുംതൂണുകളിലൊന്നുമായ ബ്രഹ്മോസ് (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ നിർമാണത്തിൽ കേരളത്തിന് കൂടുതൽ പ്രാധാന്യം കൈവരാൻ പോകുന്നു. പുതുതലമുറ ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) നെട്ടുകാൽത്തേരിയിൽ 180 ഏക്കർ സർക്കാർ അനുവദിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് ട്രിവാൻഡ്രം ലിമിറ്റഡ് (ബിഎടിഎൽ) ചാക്കയിൽ പ്രവർത്തിക്കുന്നുണ്ട്, എന്നാലവിടെ മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്‌നർ യൂണിറ്റിന്റെ രൂപകല്പനയും എയർബോൺ ലോഞ്ചറിന്റെ നിർമാണവുമാണ് നടക്കുന്നത്. നെട്ടുകാൽത്തേരിയിൽ പുതിയതായി അനുവദിക്കുന്ന 180 ഏക്കറിൽ പുതുതലമുറ ബ്രഹ്‌മോസ് നിർമാണ യൂണിറ്റായിരിക്കും തുടങ്ങുക.
പുതുതലമുറ ബ്രഹ്‌മോസ് മിസൈൽ
പുതുതലമുറ ബ്രഹ്‌മോസ് മിസൈൽ (BrahMos-NG) എന്നത് നിലവിലുള്ള ബ്രഹ്‌മോസ് മിസൈലിന്റെ കൂടുതൽ ചെറുതും ഭാരം കുറഞ്ഞതുമായ അത്യാധുനിക എഡിഷനാണ്. ഈ അത്യാധുനിക മിസൈലുകളും പ്രതിരോധ സാങ്കേതികവിദ്യകളും നിർമ്മിക്കുന്നതിനായുള്ള വിപുലമായ പ്ലാന്റാണ് പുതുതലമുറ ബ്രഹ്‌മോസ് നിർമാണ യൂണിറ്റ് (BrahMos-NG Manufacturing Hub). ഇത്തരമൊരു യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതോടെ രാജ്യത്തെ ബ്രഹ്മോസ് മിസൈൽ നിർമാണത്തിന്റെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളം മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ALSO READ: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്
ബ്രഹ്മോസ് മിസൈൽ
ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ NPO Mashinostroyeniya-യും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് എയ്‌റോ സ്‌പെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (BAPL) ആണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വികസിപ്പിച്ചത്. ഇന്ത്യയുടെ ബ്രഹ്മപുത്ര, റഷ്യയുടെ മോസ്ക്‌വ എന്നീ നദികളുടെ പേരുകൾ കൂട്ടിച്ചേർത്താണ് ഈ മിസൈലിന് ബ്രഹ്മോസ് എന്ന പേര് നൽകിയത്.
പുതിയ ബ്രഹ്‌മോസ് മിസൈലിന്റെ പ്രത്യേകത
ബ്രഹ്‌മോസ് മിസൈലിന് ഏകദേശം 3 ടൺ (3,000 കിലോഗ്രാം) ഭാരവും 8.4 മീറ്റർ നീളവുമുണ്ട്. എന്നാൽ ന്യൂജനറേഷൻ ബ്രഹ്മോസ് മിസൈലിന് (BrahMos-NG) വെറും 1.3 മുതൽ 1.5 ടൺ വരെ ഭാരവും 5-6 മീറ്റർ നീളവും മാത്രമേ ഉണ്ടാകൂ. നിലവിലുള്ള വലിയ ബ്രഹ്‌മോസ് മിസൈൽ വഹിക്കാൻ ഇന്ത്യയുടെ സുഖോയ്-30MKI (Su-30MKI) പോലെയുള്ള വലിയ യുദ്ധവിമാനങ്ങൾക്ക് മാത്രമേ സാധിക്കൂ.
എന്നാൽ ന്യൂജനറേഷൻ ബ്രഹ്മോസിന് ഭാരം കുറവായതിനാൽ, ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് (LCA Tejas), മിഗ്-29 (MiG-29), റാഫേൽ (Rafale) തുടങ്ങിയ എല്ലാ മുൻനിര യുദ്ധ വിമാനങ്ങളിലും എളുപ്പത്തിൽ ഘടിപ്പിക്കാം. ഒരു സുഖോയ് വിമാനത്തിന് ഒരേസമയം 3 ന്യൂജനറേഷൻ ബ്രഹ്മോസ് മിസൈലുകൾ വരെ വഹിക്കാൻ കഴിയും. ഭാരം കുറഞ്ഞെങ്കിലും ശബ്ദത്തേക്കാൾ 3 മടങ്ങ് വരെ വേഗതയും 290 മുതൽ 350 കിലോമീറ്റർ വരെയുള്ള പ്രഹരശേഷിയും പുതിയ മിസൈലുകൾ നിലനിർത്തുന്നു.
കൂടിയ വേഗത കാരണം ശത്രുരാജ്യങ്ങളുടെ റേഡാറുകൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും മുൻ ബ്രഹ്മോസ് മിസൈലുകൾ തന്നെ തടയുകയോ പ്രതിരോധിക്കുകയോ ചെയ്യുക ഏതാണ്ട് അസാധ്യമായിരുന്നു. റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് ടെക്നോളജി കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചിരിക്കുന്നു എന്നതിനാൽ ശത്രുക്കൾക്ക് ന്യൂജനറേഷൻ ബ്രഹ്മോസ് മിസൈൽ കൂടുതൽ പേടിസ്വപ്നമായി മാറുന്നു.
2025-ൽ ലഖ്‌നൗവിൽ ആരംഭിച്ച നിർമാണകേന്ദ്രത്തിന്റെ മാതൃകയിലായിരിക്കും നെട്ടുകാൽത്തേരിയിൽ പുതുതലമുറ ബ്രഹ്‌മോസ് നിർമാണ യൂണിറ്റ് ആരംഭിക്കുക. ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ (UPDIC) ലഖ്‌നൗ നോഡിൽ സ്ഥിതിചെയ്യുന്ന ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് അസംബ്ലി ആൻഡ് ടെസ്റ്റിംഗ് യൂണിറ്റിൽ നിലവിലെ ബ്രഹ്‌മോസ് മിസൈലുകളുടെ അംബ്ലിങ്ങിനൊപ്പം, ന്യൂജനറേഷൻ ലൈറ്റ്‌വെയ്റ്റ് മിസൈലായ ബ്രഹ്‌മോസ്-NG യും നിർമിക്കുന്നുണ്ട്.
ബ്രഹ്‌മോസ് മിസൈൽ നിർമാണത്തിന് മാത്രം ഉപയോഗിക്കണം എന്ന വ്യവസ്ഥയിലാണ് പുതിയതായി 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറുക, ഇത് തികച്ചും സൗജന്യമായിട്ടാണ് നൽകുന്നത്. നെട്ടുകാൽത്തേരിയിൽ ഈ ന്യൂജനറേഷൻ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നതോടെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ തന്ത്ര പ്രധാന ഉൽപ്പാദന കേന്ദ്രമായി തിരുവനന്തപുരവും കേരളവും മാറും. രാജ്യസുരക്ഷയ്ക്കായി മാത്രമല്ല, കയറ്റുമതിക്കായും ബ്രഹ്മോസ് ഇന്ത്യയിൽ നിർമിക്കപ്പെടുന്നുണ്ട്.
ഫിലിപ്പീൻസ് അടക്കമുള്ള സൗഹൃദ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുന്നത്. ബ്രഹ്മോസ് കയറ്റുമതി ആഗോള പ്രതിരോധ ആയുധ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കും. കയറ്റുമതി ആവശ്യകതകൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ അളവിൽ മിസൈൽ നിർമാണം നടത്തി ഇന്ത്യയുടെ പ്രതിരോധ വിപണിക്ക് കരുത്താകാൻ തിരുവനന്തപുരത്തെ ബ്രഹ്മോസ് നിർമാണ യൂണിറ്റിന് കഴിയും.
ലഖ്‌നൗ യൂണിറ്റിന് പ്രതിവർഷം 80 മുതൽ 100 മിസൈലുകൾ വരെ നിർമിക്കാനുള്ള ശേഷിയാണ് ഉള്ളത്. നെട്ടുകാൽത്തേരിയിലെ യൂണിറ്റിന്റെ ശേഷി നിർമാണം തുടങ്ങിയ ശേഷമേ അറിയാൻ കഴിയൂ. എന്തായാലും ‘ബ്രഹ്‌മോസ്-NG’ മിസൈലുകളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമായി കേരളം മാറാൻ സാധ്യതകൾ ഏറെയാണ്. നിരവധി തൊഴിലവസരങ്ങളും ഈ യൂണിറ്റ് കേരളത്തിന് സമ്മാനിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
English Summary
Kerala is going to gain more importance in the manufacturing of BrahMos supersonic cruise missiles, which are the nightmare of enemy countries and the strength of the Indian Army and one of the pillars of strategic security. The government will reportedly allocate 180 acres of land in Nettukaltheri to the Defense Research and Development Organization (DRDO) to set up a new generation BrahMos missile manufacturing unit.