Labour Code: ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല , പകരം കോൺക്ലേവിന് നീക്കം
Central Labour Codes in Kerala: തൊഴിലാളികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുത്തി അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് മന്ത്രി ശക്തമായി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകൾ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സംസ്ഥാന തൊഴിൽ മന്ത്രി വി. ശിവൻകുട്ടി തീർത്തു പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ നിർണായക യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ വകുപ്പ് സെക്രട്ടറിയെ കൂടാതെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ പ്രമുഖ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ലേബർ കോഡുകൾ പൂർണമായി പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് യോഗം പ്രധാനമായും തീരുമാനിച്ചിരിക്കുന്നത്.
ലേബർ കോൺക്ലേവ്
ലേബർ കോഡുകളെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ ക്ഷണിച്ചുകൊണ്ട് ഡിസംബർ 19-ന് സംസ്ഥാന തലസ്ഥാനത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. നൂറ് പ്രതിനിധികളെയാണ് കോൺക്ലേവിലേക്ക് ക്ഷണിക്കാൻ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന് മാത്രമായി പ്രത്യേക തൊഴിൽ നിയമം രൂപീകരിക്കുന്നതിൻ്റെ സാധ്യതകൾ, കേന്ദ്രനിയമത്തിൽ സംസ്ഥാനത്തിനുള്ള ഇടപെടൽ സാധ്യതകൾ എന്നിവ കോൺക്ലേവിൽ ചർച്ച ചെയ്യും.
Also read – ഇരകളെ നേരിൽ കാണണം, അന്വേഷണം നടത്തണം! രാഹുലിനെതിരെ പ്രിയങ്ക ഗാന്ധിക്ക് ഉൾപ്പെടെ പരാതി നൽകി
നിയമ പണ്ഡിതരുടെ അഭിപ്രായം തേടിയ ശേഷമാകും തുടർനടപടികൾ. കോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഉടൻതന്നെ ഇമെയിൽ അയക്കും. കൂടാതെ, ഡിസംബർ 19-ലെ കോൺക്ലേവിന് ശേഷം കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
തൊഴിലാളി പ്രതിഷേധം അടിച്ചമർത്താൻ അനുവദിക്കില്ല
തൊഴിലാളികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുത്തി അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് മന്ത്രി ശക്തമായി മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച തൊഴിലാളികൾക്കെതിരെ ചില സ്ഥാപനങ്ങളിൽ നോട്ടീസ് നൽകിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിലെ ഒരു തൊഴിലാളിക്കെതിരെയും ഇത്തരമൊരു നടപടി എടുക്കാൻ സാധിക്കില്ലെന്ന് വി. ശിവൻകുട്ടി ഓർമ്മിപ്പിച്ചു.
കരട് നിയമങ്ങൾ കേന്ദ്രത്തിൻ്റെ പരിഗണനയിൽ
കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ലേബർ സെക്രട്ടറിമാർ റൂൾസ് ഫ്രെയിം ചെയ്തിരുന്നതായും മന്ത്രി അറിയിച്ചു. 2022 ജൂലൈ 9-ന് നടന്ന സെമിനാറിൽ ഇതിൻ്റെ കരട് വിതരണം ചെയ്യുകയും ലേബർ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തൊഴിലാളി വിരുദ്ധ വകുപ്പുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. അതുകൊണ്ട് നിലവിൽ ഈ കരട് നിയമങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.