Kerala Rain alerT : വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Heavy Rain Alert At Kerala: ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തൃശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് നാലു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ പെയ്യുമെന്നും പ്രവചനത്തിൽ പറയുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ വിവിധ ജില്ലകൾക്കും നിർദ്ദേശമുണ്ട്.
ജാഗ്രതയുടെ ഭാഗമായാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചതിച്ചത് ചക്രവാതച്ചുഴി
മഴ കനക്കാനുള്ള കാരണം ചക്രവാതച്ചുഴിയാകാമെന്നാണ് നിഗമനം. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുമാണ് മഴയെ സ്വാധീനിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കുന്നു.
നാളെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ തീവ്രമായ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച എറണാകുളം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തൃശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
സംസ്ഥാനത്ത് ഓഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളത് കൊണ്ട് ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിൻ്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.
ALSO READ – ചക്രവാതച്ചുഴിയിൽ പെട്ട് കേരളം: ഈ ആഴ്ച മഴ കനക്കും
മഴ മുന്നറിയിപ്പിനേ തുടർന്ന് കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റേതാണ് നിർദ്ദേശം. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റു വീശാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഈ നിർദ്ദേശം.
2024 ഓഗസ്റ്റ് 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ നേരത്തെ തന്നെ പറയുന്നുണ്ട്.
ജാഗ്രതാ നിർദ്ദേശം
- കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
- മൽസ്യബന്ധനോപധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ വെക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക
- ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.