Chennai express : ചെന്നൈ എക്സ്‌പ്രസിന് സ്റ്റോപ്പുണ്ട്, പക്ഷെ നിർത്തില്ല, കൊല്ലങ്കോടിനോട് അവഗണനയോ?
Chennai Express Skips Kollengode Stop: കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ മാസം എട്ടിന് സ്റ്റോപ്പ് അനുവദിച്ച വിവരം പുറത്തുവന്നതോടെ വലിയ ആവേശത്തിലായിരുന്ന യാത്രക്കാർ, ട്രെയിനുകൾ ഇപ്പോഴും കൊല്ലങ്കോട് നിറുത്താതെ പോകുന്നത് കണ്ട് നിരാശയിലാണ്.
കൊല്ലങ്കോട്: ചെന്നൈ സെൻട്രൽ-പാലക്കാട് എക്സ്‌പ്രസിന് (22651-52) കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ട്രെയിൻ നിറുത്താത്തതിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ എട്ടാം തീയതിയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലൂടെയുള്ള 15 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച വിവരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ എക്സിലൂടെ (ട്വിറ്റർ) പുറത്തുവിട്ടത്. എന്നാൽ സ്റ്റോപ്പ് എന്നു മുതൽ നിലവിൽ വരുമെന്ന കാര്യത്തിൽ റെയിൽവേ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
പാലക്കാട്-പൊള്ളാച്ചി പാത 600 കോടിയിലേറെ രൂപ ചിലവിട്ട് ബ്രോഡ്‌ഗേജ് ആക്കിയെങ്കിലും നിലവിൽ അമൃത എക്സ്‌പ്രസ് ഉൾപ്പെടെ വിരലിലെണ്ണാവുന്ന ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. പാലക്കാട് ടൗൺ കഴിഞ്ഞാൽ പൊള്ളാച്ചിയിലാണ് ചെന്നൈ എക്സ്‌പ്രസ് നിറുത്തുന്നത്. കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ മാസം എട്ടിന് സ്റ്റോപ്പ് അനുവദിച്ച വിവരം പുറത്തുവന്നതോടെ വലിയ ആവേശത്തിലായിരുന്ന യാത്രക്കാർ, ട്രെയിനുകൾ ഇപ്പോഴും കൊല്ലങ്കോട് നിറുത്താതെ പോകുന്നത് കണ്ട് നിരാശയിലാണ്.
മറ്റ് സ്റ്റേഷനുകളുടെ സ്ഥിതിയും സമാനമാണ്
ജോർജ് കുര്യൻ പ്രഖ്യാപിച്ച പട്ടികയിൽ തുവ്വൂർ, വല്ലപ്പുഴ, തിരൂർ എന്നിവിടങ്ങളിലെ പുതിയ സ്റ്റോപ്പുകളും ഉൾപ്പെട്ടിരുന്നു.
- നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (66325-26): തുവ്വൂർ സ്റ്റോപ്പ്.
- നിലമ്പൂർ റോഡ് – കോട്ടയം എക്സ്‌പ്രസ് (16325-26): തുവ്വൂർ, വല്ലപ്പുഴ സ്റ്റോപ്പുകൾ.
- ഹിസാർ – കോയമ്പത്തൂർ എക്സ്‌പ്രസ് (22475-76): തിരൂർ സ്റ്റോപ്പ്.
ഈ ട്രെയിനുകളുടെയും സമയക്രമവും പുതിയ സ്റ്റോപ്പുകൾ എന്ന് നിലവിൽ വരുമെന്ന അറിയിപ്പും ഇതുവരെ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. റെയിൽവേയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സ്റ്റോപ്പുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കെ. രാധാകൃഷ്ണൻ എം.പി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്നാണ് ദീർഘകാലമായുള്ള ഈ ആവശ്യത്തിന് അംഗീകാരമായത്.