Maradu Aneesh Custody: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കസ്റ്റഡിയിൽ; ഹണി ട്രാപ്പ് പ്രതിയെ തേടിയെത്തിയതായിരുന്നു പോലീസ്
Maradu Aneesh Custody: ദിവസങ്ങൾക്കു മുമ്പ് തമിഴ്നാട് പോലീസ് അനീഷിനെ അന്വേഷിച്ച് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ...
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് കസ്റ്റഡിയിൽ. മുളവുകാട് പോലീസിന്റെ കസ്റ്റഡിയിലാണ് അനീഷ് ഉള്ളത്. ഹണി ട്രാപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് ഇയാൾക്കൊപ്പം മരട് അനീഷിനെയും കണ്ടത്. തുടർന്ന് മരട് അനീഷിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. നിലവിൽ അനീഷ് കരുതൽ തടങ്കലിലാണ് ഉള്ളത് എന്നും ഏതെങ്കിലും കേസിൽ ഇയാൾക്കെതിരെ വാറന്റ് ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ഹണി ട്രാപ്പ് കേസിലെ പ്രതിയെ തിരഞ്ഞെത്തിയപ്പോഴാണ് പോലീസ് സംഘത്തിന് അപ്രതീക്ഷിതമായി മരട് അനീഷിനെയും കസ്റ്റഡിയിൽ എടുക്കാനായത്. പനമ്പുകാട് ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം. പ്രതിക്കൊപ്പം ആയിരുന്നു മരട് അനീഷും ഉള്ളത്. ഇതാണ് ഇയാളെയും കസ്റ്റഡിയിൽ എടുത്തത്. കേരളത്തിൽ മാത്രം 50ലധികം ക്രിമിനൽ കേസുകൾ ഉള്ള ആളാണ് മരട് അനീഷ്. കൂടാതെ തമിഴ്നാട്ടിലും സ്വർണ്ണക്കച്ചവടമടക്കമുള്ള കേസുകളാണ് ഇയാൾക്ക് പേരിലുള്ളത് ദിവസങ്ങൾക്കു മുമ്പ് തമിഴ്നാട് പോലീസ് അനീഷിനെ അന്വേഷിച്ച് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കരുതൽ തടങ്കലിലുള്ള വിവരം കേരള പോലീസ് തമിഴ്നാട് പോലീസിനെ അറിയിക്കും.