Child Rights Commission: കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
Case filed against headmaster who beat student in Kasaragod: വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്തെന്ന ആരോപണത്തില്‍ പ്രധാന അധ്യാപകനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കാസര്‍കോട് കുണ്ടംക്കുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം അശോകനെതിരെയാണ് കേസെടുത്തത്

Image for representation purpose only
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്തെന്ന ആരോപണത്തില്‍ പ്രധാന അധ്യാപകനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കാസര്‍കോട് കുണ്ടംക്കുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം അശോകനെതിരെയാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സ്‌കൂള്‍ അസംബ്ലിക്കിടെ നിര്‍ദ്ദേശം നല്‍കുന്നതിനിടെ വിദ്യാര്‍ത്ഥി ചരല്‍ നീക്കി കളിച്ചത് ഹെഡ്മാസ്റ്റര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മുന്നില്‍ വച്ച് കുട്ടിയെ തല്ലിയെന്നാണ് പരാതി. ചെവി വേദന ശക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കര്‍ണപുടം പൊട്ടിയ വിവരം അറിയുന്നത്.
ശസ്ത്രക്രിയ വേണമെന്നും, ആറു മാസത്തോളം ചെവി നനയ്ക്കരുതെന്നുമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. അധ്യാപകരും പിടിഎ ഭാരവാഹികളും വീട്ടിലെത്തുകയും, പ്രശ്‌നം ഒതുക്കാന്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥി ചികിത്സയിലാണ്. വിദ്യാര്‍ത്ഥി നീങ്ങിനില്‍ക്കാത്തതുകൊണ്ട് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകന്റെ വിശദീകരണം.
കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സംഭവം നടന്നത്. കുട്ടിയെ തല്ലിയതിന് ശേഷം അധ്യാപകന്‍ പുറത്തേക്ക് കൊണ്ടുപോയി ആഹാരം വാങ്ങി നല്‍കി. അവിടെയുണ്ടായിരുന്ന പൊലീസുകാരന്‍ ചോദിച്ചപ്പോള്‍ താന്‍ തല കറങ്ങി വീണതാണെന്ന് അധ്യാപകന്‍ കള്ളം പറഞ്ഞതായി വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരമറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.