CM Pinarayi Vijayan: ഇഡിയുടെ നോട്ടീസ് റദ്ദാക്കണം; മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി ഹൈക്കോടതിയില്‍
Chief Minister Pinarayi Vijayan moves High Court in KIIFB Masala Bond case: മസാല ബോണ്ട് കേസിലെ ഇഡി നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചു. ഇഡി നോട്ടീസ് റദ്ദാക്കണമെന്നാണ് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്
കൊച്ചി: മസാല ബോണ്ട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇഡി നോട്ടീസ് റദ്ദാക്കണമെന്നാണ് കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവരും ഹൈക്കോടതിയെ സമീപിച്ചു. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റി നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
കേസില്‍ ഇഡിക്കെതിരെ കിഫ്ബി നേരത്തെ ഉന്നയിച്ച വാദങ്ങള്‍ ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കിഫ്ബി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഇഡി നടപടികള്‍ക്ക് ഹൈക്കോടതി മൂന്ന് മാസത്തെ സ്‌റ്റേ അനുവദിച്ചിരുന്നു.
എന്നാല്‍ ഈ സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടെയും, മുഖ്യമന്ത്രിയുടെയും ഹര്‍ജികള്‍ അടുത്ത ദിവസങ്ങളില്‍ പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിക്കുമെന്നാണ് സൂചന. ഇഡിയുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.