Pottiye Kettiye song Controversy: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെയല്ല തന്റെ പരാതി, സിപിഎമ്മുമായി ബന്ധമില്ല, വെളിപ്പെടുത്തലുമായി പരാതിക്കാരൻ
അയ്യപ്പന്റെ സ്വർണം കട്ട ദേവസ്വം പ്രസിഡന്റുമാർ ഇപ്പോൾ ജയിലിലാണ്. അയ്യപ്പൻ അവരെ ഒരിക്കലും പുറത്തുവിടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം എന്നതാണ് തന്റെ നിലപാട്. - അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം: ‘പോറ്റിയെ കേറ്റിയെ’ എന്ന ഹിറ്റ് പാരഡി ഗാനത്തിനെതിരെ താൻ നൽകിയ പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രസാദ് കുഴിക്കാല. തനിക്ക് സിപിഎമ്മുമായോ മറ്റ് രാഷ്ട്രീയ പാർട്ടികളുമായോ യാതൊരു ബന്ധവുമില്ലെന്നും ഒരു അയ്യപ്പഭക്തനെന്ന നിലയിലാണ് നിയമനടപടി സ്വീകരിച്ചതെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.
പാട്ടിന്റെ ഈണത്തോടല്ല, മറിച്ച് അതിൽ അയ്യപ്പൻ, ശാസ്താവ് എന്നീ പുണ്യനാമങ്ങൾ വികലമായി ഉപയോഗിച്ചതിനെയാണ് താൻ എതിർക്കുന്നത്. ആ വാക്കുകൾ മാറ്റണമെന്നാണ് തന്റെ ആവശ്യം. ദൈവനാമങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഇന്ന് അനുവദിച്ചാൽ നാളെ കൂടുതൽ വികലമായ പാട്ടുകൾ വരാൻ അത് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിന് മുന്നിൽ എംപിമാർ ഈ പാട്ട് പാടിയതോടെയാണ് ഇത് ലോകമെമ്പാടും ചർച്ചയായത്. അതിനുശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചത്. സിപിഎം ഈ വിഷയം ഏറ്റെടുത്തതിൽ തനിക്ക് പങ്കില്ലെന്ന് പ്രസാദ് കുഴിക്കാല വ്യക്തമാക്കി. 39 വർഷമായി തിരുവാഭരണപാത സംരക്ഷണ സമിതിയിൽ പ്രവർത്തിക്കുന്ന താൻ, ശബരിമല യുവതീപ്രവേശന വിധി വന്നപ്പോൾ ആദ്യമായി പ്രതിഷേധരംഗത്ത് ഇറങ്ങിയ ആളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അയ്യപ്പന്റെ സ്വർണം കട്ട ദേവസ്വം പ്രസിഡന്റുമാർ ഇപ്പോൾ ജയിലിലാണ്. അയ്യപ്പൻ അവരെ ഒരിക്കലും പുറത്തുവിടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം എന്നതാണ് തന്റെ നിലപാട്. – അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയക്കാരും ഈ വിഷയത്തിൽ തന്നെ പിന്തുണയ്ക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും, അയ്യപ്പ സംഘടനയുടെ ഭാഗമായി മാത്രമാണ് തന്റെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.