Pinarayi Vijayan: ‘മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയരുത്’: എം.വി ഗോവിന്ദനെ വിമർശിച്ച് മുഖ്യമന്ത്രി
CM Pinarayi Vijayan Warns MV Govindan: മൈക്ക് കാണുമ്പോൾ എന്തും വിളിച്ചുപറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പരാമർശത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചുപറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിലെ ജയമോ തോൽവിയോ പ്രശ്നമല്ലെന്നും പാർട്ടി നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എകെജി സെന്ററിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെ പങ്കെടുത്ത ശിൽപശാലയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. വേദിയിൽ എം വി ഗോവിന്ദനുമുണ്ടായിരുന്നു.
Also Read:നിലമ്പൂരിൽ വാഴുന്നത് ആര്? തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം
നിലമ്പൂരിൽ വോട്ടെടുപ്പിന് തൊട്ടുമുൻപായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എം വി ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ പ്രസ്ഥാവന പിന്നീട് വിവാദമായതോടെ അദ്ദേഹം തന്നെ വ്യക്തത വരുത്തി രംഗത്ത് എത്തുകയായിരുന്നു. സിപിഎമ്മിന് ആര്‍എസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താന്‍ പറഞ്ഞത് അന്‍പത് കൊല്ലം മുന്‍പത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദന്‍ വിശദീകരിച്ചത്. ഇതിനു പിന്നാലെ എം.വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.