AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election Result 2025: പതിനായിരം കടന്ന് വോട്ടുനില; പിവി അൻവറിനെ പിണക്കിയപ്പോൾ പിഴച്ചതാർക്ക്?

PV Anvar Secures Over 10000 Vote In Nilambur: നിലമ്പൂരിൽ 10,000ലധികം വോട്ടുകൾ നേടിയതോടെ അൻവർ വീണ്ടും യുഡിഎഫിന് പ്രിയപ്പെട്ടവനാവുകയാണ്. കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനകൾ കൂടി പരിഗണിക്കുമ്പോൾ അൻവറിനെ പിണക്കിയതിൽ കോൺഗ്രസിന് നിരാശയുണ്ട്.

Nilambur By Election Result 2025: പതിനായിരം കടന്ന് വോട്ടുനില; പിവി അൻവറിനെ പിണക്കിയപ്പോൾ പിഴച്ചതാർക്ക്?
പിവി അൻവർImage Credit source: PV Anvar Facebook
abdul-basith
Abdul Basith | Published: 23 Jun 2025 10:51 AM

നിലമ്പൂരിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടമാണ്. 10,000 വോട്ടിൻ്റെയെങ്കിലും ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു യുഡിഎഫിൻ്റെ പ്രതീക്ഷ. എന്നാൽ, ലീഡ് നില അത്രത്തോളം എത്തില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫലസൂചനകൾ തെളിയിക്കുന്നത്. ഇതിനുള്ള കാരണം ഒരേയൊരാളാണ് പിവി അൻവർ.

എൽഡിഎഫിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസിൽ ചേർന്നപ്പോഴാണ് അൻവർ തൻ്റെ എംഎൽഎ സ്ഥാനം രാജിവച്ചത്. ശേഷം എൽഡിഎഫുമായും എൽഡിഎഫ് നേതാക്കളുമായും പരസ്യയുദ്ധത്തിലായിരുന്നു അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം അൻവർ രംഗത്തുവന്നു. ഇതോടെ എൽഡിഎഫ് നേതൃത്വവും അൻവറിനെതിരെ പരസ്യമായ നിലപാടുകളെടുത്തു.

തൃണമൂലിൽ എത്തിയതിന് ശേഷം യുഡിഎഫ് മുന്നണിയിലെത്താൻ അൻവർ കിണഞ്ഞുശ്രമിച്ചിരുന്നു. എന്നാൽ, അൻവറിനെ എടുക്കാം, തൃണമൂലിനെ എടുക്കാനാവില്ല എന്നായിരുന്നു കോൺഗ്രസ് നിലപാട്. അൻവർ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ പരിഗണിക്കാനാവില്ലെന്ന് വാശിപിടിച്ച കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ നിർത്തി അദ്ദേഹത്തെ വീണ്ടും വെല്ലുവിളിച്ചു. ആദ്യം ഭീഷണിയും പിന്നെ യാചനയുമായി അൻവറിൻ്റെ ഭാഷ്യം. ഷൗക്കത്തെങ്കിൽ ഷൗക്കത്ത്, പിന്തുണയ്ക്കാം എന്നായിരുന്നു അവസാനം അൻവറിൻ്റെ നിലപാട്. എന്നാൽ, തൃണമൂലിനെ സഖ്യകക്ഷിയായി പരിഗണിക്കണമെന്ന അൻവറിൻ്റെ അഭ്യർത്ഥനകളൊക്കെ നേതൃത്വം തള്ളി. ഒടുവിലാണ് താൻ സ്വതന്ത്രനായി മത്സരരംഗത്തേക്കിറങ്ങുന്നു എന്ന് അൻവർ പ്രഖ്യാപിച്ചത്.

Also Read: Nilambur By Election 2025: നിലമ്പൂരിൻ്റെ വിധി ഇന്നറിയാം; എട്ട് മണി മുതൽ വോട്ടെണ്ണൽ, 11 മണിക്കുള്ളിൽ ഫലപ്രഖ്യാപനം

ഏറ്റവും അവസാനമാണ് അൻവർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മറ്റ് മുന്നണികളെപ്പോലെ കലാശക്കൊട്ടോ കാടടച്ചുള്ള പ്രചാരണങ്ങളോ അൻവർ നടത്തിയില്ല. ജയമായിരുന്നില്ല, നിലമ്പൂരിൽ താൻ ആരാണെന്ന് യുഡിഎഫിനും എൽഡിഎഫിനും കാണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അതിൽ അൻവർ പൂർണമായി വിജയിച്ചു. നിലവിൽ അൻവർ 12,000 വോട്ടുകൾക്ക് മുകളിൽ നേടിക്കഴിഞ്ഞു. മറുവശത്ത് യുഡിഎഫ് ആവട്ടെ, പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതെ പ്രതിസന്ധിയിൽ. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം കുറച്ചുകൂടി നന്നായേനെ എന്നും അദ്ദേഹത്തിന് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞതും ചേർത്തുവായിക്കുമ്പോൾ ഒരു കാര്യം വ്യക്തം. പിവി അൻവറിനെ പിണക്കിയതിൽ കോൺഗ്രസിന് നിരാശയുണ്ട്.