Actress Assault Case: ആർ ശ്രീലേഖയ്ക്കെതിരെ അടക്കം ഹർജികൾ! നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിയലക്ഷ്യ പരാതികൾ ഇന്ന് പരിഗണിക്കും
Actress Assault Case: ഏതാനും മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും...

Actress Assault Case (5)
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസുകൾ ഇന്ന് പരിഗണിക്കും. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ അതിജീവിതയുടെ അഭിഭാഷക നല്‍കിയ പരാതികളടക്കം ആറ് ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക. കൂടാതെ ഏതാനും മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും.
കൂടാതെ രണ്ടാംപ്രതി മാർട്ടിൻ ആന്റണിക്കെതിരെയും കേസ് ഉണ്ട്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിലാണ് മാർട്ടിനെതിരെ കേസ്. അതിജീവിതയുടെ പേര് വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ അവകീർത്തിപ്പെടുത്തി എന്നതിലാണ് മാർട്ടിനെതിരെ തൃശ്ശൂർ പോലീസ് കേസെടുത്തിരിക്കുന്നത്. പേര് വെളിപ്പെടുത്തിയത് കൂടാതെ നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു.
തൃശ്ശൂർ റേഞ്ച് ഡിഐജിക്ക് ലഭിച്ച പരാതി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.അതേസമയം യൂട്യൂബ് ചാനലിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിനും അന്വേഷണസംഘത്തെ മോശമായി ചിത്രീകരിച്ചതിനും ആണ് ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ പരാതി. വിചാരണവേളയിലെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ചാണ് ദിലീപ് ഹർജി നൽകിയത്.