Kochi Bus Service: കൊച്ചിയിൽ നമ്പർപ്ലേറ്റില്ലാതെ ബസ് സർവീസ്; വാഹനങ്ങൾ തടഞ്ഞ് എംവിഡി
Bus Service Without Number Plate: ബസുകൾക്ക് പെർമിറ്റ് ഉൾപ്പെടെ ഉണ്ടോയെന്നതിൽ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെ വാഹനങ്ങളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി.
കൊച്ചി: കൊച്ചിയിൽ നമ്പർപ്ലേറ്റില്ലാതെ കരാർ ബസുകൾ സർവീസ് നടത്തുന്നു. താത്‌കാലിക രജിസ്‌ട്രേഷൻ നമ്പർപോലും നമ്പർപ്ലേറ്റിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന നിർദേശം നിലനിൽക്കെയാണ് ഇത്തരം സർവീസുകൾ കണ്ടെത്തിയിരിക്കുന്നത്. കൊച്ചി റിഫൈനറിയിൽ ജീവനക്കാരെ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യുന്ന കരാറുകാരന്റെ ഏഴ് ബസുകളാണ് നിയമം ലംഘിച്ച് സർവീസ് നടത്തിയതായി ശ്രദ്ധയിൽപ്പെട്ടത്.
ഇക്കാര്യം നാട്ടുകാർ തന്നെയാണ് ആർടിഒ അധികൃതരെ അറിയിച്ചത്. തുടർന്ന് റിഫൈനറി ഗേറ്റിലെത്തിയ ആർടിഒ എൻഫോഴ്‌സ്‌മെന്റ് സംഘം ഈ ബസുകളുടെ സർവീസ് നിർത്തിവെപ്പിക്കുകയായിരുന്നു. അതിസുരക്ഷാ മേഖലയാണ് റിഫൈനറി. ഈ വാഹനങ്ങൾ ഇതിൻ്റെ ഉള്ളിൽ പ്രവേശിക്കുകയും ജീവനക്കാരെ കൊണ്ടുവരുകയും കൊണ്ടുപോകുകയും ചെയ്തതായും പരാതിയുണ്ട്.
Also Read: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തിൽ അന്വേഷണവുമായി ദേവസ്വം വിജിലന്‍സ്
ബസുകൾക്ക് പെർമിറ്റ് ഉൾപ്പെടെ ഉണ്ടോയെന്നതിൽ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെ വാഹനങ്ങളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി. ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.
റിഫൈനറിയിലെ ജീവനക്കാരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി അടുത്തയിടെയാണ് ഈ ബസുകൾ കരാറിനെടുത്തത്. നമ്പർപ്ലേറ്റില്ലാതെ ഒരു വാഹനം റോഡിലിറങ്ങി സർവീസ് നടത്തുന്നത് മോട്ടോർവാഹന നിയമപ്രകാരം കുറ്റകരമാണ്.