R Sreelekha: ഓഫീസ് ഒഴിയണം; വികെ പ്രശാന്ത് എംഎല്‍എയ്ക്ക് ആര്‍ ശ്രീലേഖയുടെ നിര്‍ദേശം
Sasthamangalam MLA Office Issue: ഫോണ്‍ വിളിച്ചാണ് പ്രശാന്തിനോട് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ ഓഫീസായി കെട്ടിടം വാടകയ്ക്ക് നല്‍കിയത്. ഈ വാടക കാലാവധി അടുത്ത മാര്‍ച്ച് വരെയാണ്.

വികെ പ്രശാന്ത്, ആര്‍ ശ്രീലേഖ
തിരുവനന്തപുരം: ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടം ഒഴിഞ്ഞുതരണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന് നിര്‍ദേശം നല്‍കി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് നിലവില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസിന്റെ സൗകര്യപ്രദമായ പ്രവര്‍ത്തിന് എംഎല്‍എ ഓഫീസ് മാറ്റിത്തരണമെന്നാണ് ശ്രീലേഖയുടെ ആവശ്യം.
ഫോണ്‍ വിളിച്ചാണ് പ്രശാന്തിനോട് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ ഓഫീസായി കെട്ടിടം വാടകയ്ക്ക് നല്‍കിയത്. ഈ വാടക കാലാവധി അടുത്ത മാര്‍ച്ച് വരെയാണ്. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് പോയതോടെ എംഎല്‍എയ്ക്ക് കെട്ടിടം വിട്ടുനല്‍കേണ്ടതായി വരും.
കൗണ്‍സിലര്‍മാര്‍ക്ക് ഓഫീസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി ലഭിക്കുന്നത്. കോര്‍പ്പറേഷന്‍ കെട്ടിട സൗകര്യം ലഭ്യമാണോ അല്ലയോ എന്ന കാര്യം ഇതുപ്രകാരം സെക്രട്ടറി പരിശോധിച്ചുറപ്പിക്കും. സ്വന്തം വാര്‍ഡില്‍ കോര്‍പ്പറേഷന്‍ കെട്ടിടമില്ലെങ്കില്‍ മറ്റ് കെട്ടിടങ്ങള്‍ വാടയ്ക്ക് എടുക്കാവുന്നതാണ്. പ്രതിമാസം 8,000 രൂപ വരെയാണ് ഈ കെട്ടിടങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വാടക നല്‍കുക.
അതേസമയം, തിരുവനന്തപുരം മേയര്‍ പദവി ലഭിക്കാത്തതില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അപമാനിതയായെന്ന വികാരമാണ് ശ്രീലേഖയ്ക്കുള്ളതെന്ന് മറ്റ് നേതാക്കളുമായി പങ്കുവെച്ചതായാണ് വിവരം. പുതിയ മേയറായി ചുമതലയേറ്റ വിവി രാജേഷിന് അഭിനന്ദന പോസ്റ്റ് പോലും ശ്രീലേഖ പങ്കുവെച്ചിരുന്നില്ല.