Kerala Assembly Election: തുടർഭരണം ലക്ഷ്യം, സ്ഥാനാർത്ഥികളാരെല്ലാം? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
CPM State Secretariat Meets Today: വിവിധ ജില്ലാ സെക്രട്ടറിയേറ്റുകൾ സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികകൾ ഇന്ന് യോഗത്തിൽ വിശദമായി പരിശോധിക്കും. പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.

CPM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്ന് സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ചർച്ച നടക്കും. കൂടാതെ, ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് വിവരം.
മൂന്നാം ഭരണം ലക്ഷ്യമിട്ടാണ് എൽഡിഎഫിന്റെ പോരാട്ടം. തുടർഭരണത്തിലും പിണറായി തന്നെ നയിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. വിവിധ ജില്ലാ സെക്രട്ടറിയേറ്റുകൾ സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികകൾ ഇന്ന് യോഗത്തിൽ വിശദമായി പരിശോധിക്കും. പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.
ജില്ലാ കമ്മിറ്റികൾ നൽകിയ സാധ്യതാ പട്ടികയിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് തോന്നുകയാണെങ്കിൽ, നിർദ്ദേശങ്ങൾ സഹിതം അത് തിരികെ അയക്കും. തുടർന്ന് നടത്തുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുക.
ALSO READ: പ്രതിഷേധവുമായി വന്ന ബിജെപി പ്രവർത്തകർക്ക് കൈകൊടുത്ത് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ
അതേസമയം, പി ബി അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മട്ടന്നൂർ സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ 75 സീറ്റിലാണ് സിപിഎം മത്സരിച്ചത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിർണ്ണായകമായതിനാൽ, മികച്ച പ്രതിച്ഛായയുള്ളവരെയും ജനസമ്മതിയുള്ളവരെയും രംഗത്തിറക്കി ഭരണം നിലനിർത്താനാണ് പാർട്ടിയുടെ നീക്കം. എം വി ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ പേരാണ് പട്ടികയിൽ ഉള്ളത്.
ആൻറണി രാജു അയോഗ്യനായ തിരുവനന്തപുരം, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ കെ ശശീന്ദ്രന്റെ എലത്തൂർ, ആർജെഡി -ജെഡിഎസ് തർക്കമുള്ള കോവളം എന്നീ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗം ചർച്ച ചെയ്യും. കൂടാതെ, പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന പറവൂർ സീറ്റ് ഏറ്റെടുക്കാനും സിപിഎം ആഗ്രഹിക്കുന്നുണ്ട്. ഇതിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം.