Cyclone Monta alert : ഇനി വരുന്നത് മോൻതാ ചുഴലിക്കാറ്റ്… കേരളത്തിൽ 29 വരെ പെരുമഴ…
Cyclone Monta Approaching: ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ച രൂപംകൊണ്ട ന്യൂനമർദം, ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്പെടും. ഞായറാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തമായ ‘മോൻതാ’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ഒക്ടോബർ 29 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, അതിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് മഴ ശക്തമായി തുടരും.
ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ച രൂപംകൊണ്ട ന്യൂനമർദം, ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്പെടും. ഞായറാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, തായ്‌ലാൻഡ് നിർദേശിച്ച ‘മോൻതാ’ എന്ന പേരിൽ ഇത് അറിയപ്പെടും. ‘മണമുള്ള പൂവ്’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത.
Also read – കളമൊഴിയാതെ പെരുമഴ, നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്
മഴ മുന്നറിയിപ്പുകളും ജാഗ്രതയും
നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾ കാരണം, ഉച്ചയ്ക്ക് ശേഷം മാത്രം ലഭിച്ചിരുന്ന തുലാമഴയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. ഏറിയും കുറഞ്ഞും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്.
പ്രധാന മഴ മുന്നറിയിപ്പുകൾ
- ഒക്ടോബർ 25, ശനി: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്.
- ഒക്ടോബർ 26 ഞായർ: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
- ഒക്ടോബർ 27 തിങ്കൾ: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു.
- ഒക്ടോബർ 28 ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത്.
- ഒക്ടോബർ 27, 28 തീയതികളിൽ സംസ്ഥാനത്ത് മഴ വ്യാപകമാകാൻ സാധ്യതയുണ്ട്. 29-നുശേഷം കുറച്ചുദിവസം മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.