AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cyclone Senyar: വേറെയാരുമല്ല, വരുന്നത് ‘സെന്‍യാര്‍’; ബംഗാള്‍ ഉള്‍ക്കടലില്‍ ‘സിംഹ’ച്ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തെ ബാധിക്കുമോ?

Cyclone Senyar likely to form: ബംഗാള്‍ ഉള്‍ക്കടലില്‍ സെന്‍യാര്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. ചുഴലിക്കാറ്റിന്റെ പാത സംബന്ധിച്ച് വ്യക്തത വരുന്നതേയുള്ളൂ

Cyclone Senyar: വേറെയാരുമല്ല, വരുന്നത് ‘സെന്‍യാര്‍’; ബംഗാള്‍ ഉള്‍ക്കടലില്‍ ‘സിംഹ’ച്ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തെ ബാധിക്കുമോ?
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 23 Nov 2025 13:38 PM

ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 26-ഓടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത.  ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ സെന്‍യാര്‍ എന്ന് പേര് നല്‍കും. നിലവില്‍ കാലാവസ്ഥ വിദഗ്ധര്‍ ട്രാക്ക് നിരീക്ഷിച്ച് വരികയാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭ്യമായിട്ടില്ല. ന്യൂനമര്‍ദ്ദം തീവ്രമായതിനുശേഷം മാത്രമേ, എവിടെ കര തൊടുമെന്ന് അടക്കം വ്യക്തത വരൂ. തമിഴ്‌നാട്-ആന്ധ്രാപ്രദേശ് തീരത്തേക്ക് പോകുമോ അതോ വടക്കോട്ട് പോകുമോ എന്നതിലടക്കം വ്യക്തത വരാനുണ്ട്. അതുകൊണ്ട് കേരളത്തെയടക്കം എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സെന്‍യാറിന്റെ ട്രാക്ക് വ്യക്തമായതിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച് പറയാനാകൂ.

ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപുകളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നവംബർ 28 വരെ കാലാവസ്ഥ വകുപ്പ്‌ നീട്ടിയിട്ടുണ്ട്.

മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിനും മുകളിൽ ഇന്നലെ രാവിലെ 8.30-ഓടെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. നാളെ ഇത്‌ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറോട്ട് നീങ്ങാനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റായി രൂപപ്പെടുമോയെന്നത് സംബന്ധിച്ച് നാളെയോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരുക.

Also Read: സംസ്ഥാനത്ത് പരക്കെ മഴ; കോഴിക്കോട് റോഡുകളിൽ വെള്ളക്കെട്ട്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

22-25 തീയതികളിൽ തമിഴ്‌നാട്ടിലും, 22-26 തീയതികളിൽ കേരളത്തിലും മാഹിയിലും, 22-23 തീയതികളിൽ ലക്ഷദ്വീപിലും, നവംബർ 22-ന് റായലസീമയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെൻയാർ എന്നാല്‍?

യുഎഇ ആണ് സെന്‍യാര്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. സിംഹം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന രണ്ട് മാസങ്ങള്‍ക്കിടെ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും സെന്‍യാര്‍. കഴിഞ്ഞ മാസം മോന്‍ത ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് സ്‌കൈമെറ്റ് വെതറും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ട്രാക്കില്‍ അനിശ്ചിതത്വം ഉണ്ടെന്ന് സ്‌കൈമെറ്റ് വെതറും വ്യക്തമാക്കുന്നു.

ചിലപ്പോള്‍ ഇത് പശ്ചിമ ബംഗാളിലേക്കോ, ബംഗ്ലാദേശിലേക്കോ നീങ്ങിയേക്കാമെന്നും, ഈ ഘട്ടത്തില്‍ കൃത്യമായ പാത പ്രവചിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്കൈമെറ്റ് പ്രസിഡന്റ് ജിപി ശർമ്മ അഭിപ്രായപ്പെട്ടു.