സംസ്ഥാനത്ത് പരക്കെ മഴ; കോഴിക്കോട് റോഡുകളിൽ വെള്ളക്കെട്ട്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കോഴിക്കോട് ശക്തമായ മഴയും ഇടിമിന്നലുമാണ്. കനത്ത മഴയിൽ നഗരത്തിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റേഡിയം ജംക്ഷനു സമീപവും സെൻട്രൽ മാർക്കറ്റിനു സമീപവുമാണ് റോഡുകളിൽ വെള്ളക്കെട്ടുണ്ടായത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ആരംഭിച്ച മഴ പത്ത് മണി വരെ നീണ്ടു. ഇതോടെ നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. മലയോര മേഖലകളിൽ രാത്രി വൈകിയും കനത്ത മഴയും ഇടിമിന്നലും തുടരുകയാണെന്നാണ് വിവരം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read:ഗതാഗതക്കുരുക്കുണ്ടാക്കി റോഡിൽ ഷോ; കല്യാണസംഘവും നാട്ടുകാരും കൂട്ടത്തല്ല്, സംഭവം തൃശ്ശൂരിൽ
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.