AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rabies Death: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു

Kerala Rabies Death: കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് മരിച്ച കുട്ടി. ഏപ്രിൽ എട്ടിനാണ് ഏഴ് വയസുകാരിക്ക് നായയുടെ കടിയേൽക്കുന്നത്. വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ ആക്രമിച്ചത്. ഉടൻ തന്നെ കുട്ടിക്ക് വാ‌ക്സിനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം.

Rabies Death: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 05 May 2025 11:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരിയാണ് മരിച്ചത്. കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് പേവിഷ ബാധയേറ്റ് മരിക്കുന്നത്. പേവിഷ ബാധയ്ക്കെതിരായ വാക്‌സിനെടുത്തിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് മരിച്ച കുട്ടി. ദിവസങ്ങൾക്ക് മുമ്പാണ് മലപ്പുറം പെരുവള്ളൂർ സ്വദേശിയ്ക്ക് പേവിഷബാധയേറ്റ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിക്കുന്നത്.

ഏപ്രിൽ എട്ടിനാണ് ഏഴ് വയസുകാരിക്ക് നായയുടെ കടിയേൽക്കുന്നത്. വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ ആക്രമിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. കൂടാതെ അന്നേ ദിവസം തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് ഇതിൻ്റെ തുടർച്ചയെന്നോണം മൂന്ന് തവണ കൂടി ഐഡിആർവി നൽകി.

ഇതിൽ മെയ് ആറിന് നൽകേണ്ട ഒരു ഡോസ് മാത്രമാണ് ഇനി ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിക്കുകയും പരിശോധിച്ചപ്പോൾ പേവിഷ ബാധയേറ്റതായി കണ്ടെത്തുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിക്ക് വാ‌ക്സിനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം.

കോഴിക്കോട് മരിച്ച സിയ എന്ന കുട്ടിക്കും പ്രതിരോധ വാക്സീൻ നൽകിയിരുന്നതാണ്. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചത്. തുടർന്ന് പേ വിഷബാധ സ്ഥിരീകരിച്ചു. മാർച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാൾ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളിലായി നായയുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു.