Samriddhi Kochi and Indira Canteen: 20 രൂപയ്ക്ക് സമൃദ്ധിയിൽ ഊണ് കിട്ടുമെങ്കിൽ 10 രൂപയ്ക്ക് 3 ഇഡ്ഡലി നൽകാൻ പദ്ധതിയിട്ട് ഇന്ദിരാ കാന്റീൻ, വിവാദം ചൂടുപിടിക്കുന്നു
Debate between Samriddhi Kitchen and Indira Canteens: തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകൾക്കും കർണാടകയിലെ ഇന്ദിര കാന്റീനുകൾക്കും സർക്കാർ സബ്‌സിഡി ലഭ്യമാണ്. എന്നാൽ കൊച്ചിയിലെ സമൃദ്ധി കാന്റീൻ നിലവിൽ സർക്കാർ സബ്‌സിഡി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
കൊച്ചി: നഗരത്തിലെ വിശപ്പുരഹിത പദ്ധതികളെച്ചൊല്ലി കൊച്ചി കോർപറേഷനിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. എൽഡിഎഫ് ഭരണകാലത്ത് തുടങ്ങിയ ‘സമൃദ്ധി’ കന്റീനുകൾക്ക് പുറമെ ‘ഇന്ദിര’ കന്റീനുകൾ കൂടി ആരംഭിക്കാനുള്ള പുതിയ യുഡിഎഫ് ഭരണസമിതിയുടെ പ്രഖ്യാപനമാണ് വിവാദമായിരിക്കുന്നത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതികൾ ഇങ്ങനെ
2021-ൽ മുൻ മേയർ എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ സമൃദ്ധി പദ്ധതിയിൽ 20 രൂപയ്ക്കാണ് ഉച്ചയൂണ് നൽകുന്നത്. സാമ്പാർ, തോരൻ / അവിയൽ, അച്ചാർ, പപ്പടം എന്നിവയടങ്ങുന്ന ഊണിന് യഥാർത്ഥത്തിൽ 37 രൂപയോളം ചിലവ് വരുമെങ്കിലും 17 രൂപ നഷ്ടം സഹിച്ചാണ് സാധാരണക്കാർക്കായി ഇത് നൽകുന്നത്.
കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന്റെ മാതൃകയിൽ നടപ്പിലാക്കുന്ന ഇന്ദിര കന്റീനിൽ വെറും 10 രൂപയ്ക്കാണ് ഭക്ഷണം ലക്ഷ്യമിടുന്നത്. രാവിലെ 10 രൂപയ്ക്ക് മൂന്ന് ഇഡ്ഡലിയും വൈകിട്ട് ഇതേ നിരക്കിൽ കഞ്ഞിയും നൽകാനാണ് ആലോചന. നിലവിലെ സമൃദ്ധി കാന്റീനുകളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഒരു പ്രത്യേക കൗണ്ടർ വഴി ‘ഇന്ദിര കന്റീൻ’ പ്രവർത്തിപ്പിക്കാനാണ് മേയറുടെ തീരുമാനം. എന്നാൽ, സമൃദ്ധിയെ തകർക്കാനുള്ള നീക്കമാണിതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. 10 രൂപയ്ക്ക് ഭക്ഷണം നൽകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ അത് സമൃദ്ധിയുടെ പേരിൽ തന്നെ തുടരാമായിരുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ‘ഇന്ദിര’ എന്ന പേര് കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ഇവരുടെ പക്ഷം.
Also read – കേരളത്തിലെ ആറ് ജില്ലക്കാർക്ക് നാളെ അവധി ആഘോഷിക്കാം
തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകൾക്കും കർണാടകയിലെ ഇന്ദിര കാന്റീനുകൾക്കും സർക്കാർ സബ്‌സിഡി ലഭ്യമാണ്. എന്നാൽ കൊച്ചിയിലെ സമൃദ്ധി കാന്റീൻ നിലവിൽ സർക്കാർ സബ്‌സിഡി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കുമ്പോൾ അധികമായി വരുന്ന സാമ്പത്തിക ബാധ്യത കോർപറേഷൻ എങ്ങനെ നേരിടും എന്നതും ചർച്ചയാകുന്നുണ്ട്.
കൊച്ചി നോർത്തിലെ പരമാര റോഡ്, കടവന്ത്ര, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് നിലവിൽ സമൃദ്ധി കന്റീനുകൾ പ്രവർത്തിക്കുന്നത്. പുതിയ ഭരണസമിതിയുടെ ഈ നീക്കം നഗരത്തിലെ പാവപ്പെട്ടവർക്ക് ഗുണകരമാകുമെങ്കിലും രാഷ്ട്രീയ പോര് വരും ദിവസങ്ങളിലും കടുക്കാനാണ് സാധ്യത.