Easy Kitchen Scheme: അടുക്കള പുതുക്കാൻ പണം സർക്കാർ തരും, ഈസി കിച്ചൺ പദ്ധതിയെ പറ്റി അറിയാമോ?
Easy Kitchen Scheme Details: പട്ടികവർഗ വിഭാഗത്തിന് വരുമാനപരിധിയില്ല. ലൈഫ് ഉൾപ്പെടെ ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടവർക്കും മെച്ചപ്പെട്ട അടുക്കളയുള്ളവർക്ക് അത് മോടിപിടിപ്പിക്കാനും ധനസഹായം കിട്ടില്ല.
തിരുവനന്തപുരം: ഈസി കിച്ചൺ പദ്ധതിയുമായി കേരള സർക്കാർ. തദ്ദേശ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ അടുക്കളകൾ നവീകരിക്കാനുള്ള തുക സർക്കാർ നൽകും. 75,000
രൂപയാണ് ലഭിക്കുന്നത്. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. ലൈഫ് ഉൾപ്പെടെ ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം ലഭിക്കില്ല.
പരമാവധി 24 x 2. 4 മീറ്ററിലുള്ള മീഡിയം സൈസ് കിച്ചൺ പദ്ധതി പ്രകാരം നവീകരിക്കാം. പദ്ധതിക്ക് വേണ്ടി പണം വകയിരുത്താൻ പഞ്ചായത്തുകളോടും നഗരസഭകളോടും കോർപറേഷനുകളോടും തദ്ദേശ വകുപ്പ് നിർദ്ദേശിച്ചു. ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാവുന്നതാണ്.
തറയിൽ സെറാമിക് ടൈൽ പാകൽ, ഗ്രാനൈറ്റ് കിച്ചൻ സ്ലാബ് സ്ഥാപിക്കൽ, എംഡിഎഫ് കബോർഡ്, 200 ലീറ്റർ വാട്ടർ ടാങ്ക്, കിച്ചൻ സിങ്ക്, പൈപ്പ്, പെയ്ന്റിങ്, സോക്പിറ്റ് നിർമാണം തുടങ്ങിയവയ്ക്കാണ് ധനസഹായം നൽകുന്നത്.
വാർഷികവരുമാനം പൊതുവിഭാഗത്തിൽ രണ്ടു ലക്ഷം രൂപയിലും പട്ടികജാതി വിഭാഗത്തിൽ മൂന്നു ലക്ഷം രൂപയിലും കൂടാത്തവരാണ് പദ്ധതിക്ക് അർഹർ. പട്ടികവർഗ വിഭാഗത്തിന് വരുമാനപരിധിയില്ല. ലൈഫ് ഉൾപ്പെടെ ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടവർക്കും മെച്ചപ്പെട്ട അടുക്കളയുള്ളവർക്ക് അത് മോടിപിടിപ്പിക്കാനും ധനസഹായം കിട്ടില്ല.