ED Raid: ഭൂട്ടാൻ കാർ കടത്ത്: ദുല്‍ഖർ സൽമാന്റേയും പൃഥ്വിരാജിന്‍റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്
Bhutan Car Smuggling ED Raid: ദുൽഖർ സൽമാന്റെ മൂന്ന് വീടുകളിൽ ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീട്ടിലും റെയ്ഡ്.

Ed Raid
തിരുവനന്തപുരം: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡി റെയ്ഡ്. ദുൽഖർ സൽമാന്റെ മൂന്ന് വീടുകളിൽ ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീട്ടിലും റെയ്ഡ്. കൂടാതെ വിദേശ വ്യവസായിയായ വിജേഷ് വർഗീസിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി.
കസ്റ്റംസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്. കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആണ് റെയ്ഡ്. ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖറിന്റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യത്തിൽ കസ്റ്റംസ് ഈയാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനിടെയാണ് ഇഡിയുടെ പരിശോധന നടന്നിരിക്കുന്നത്.
ദുൽഖർ സൽമാന്റെ ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു സംഭവത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചു. ദുൽഖർ സൽമാൻ വിദേശത്തുനിന്നും വാഹനം കടത്തിക്കൊണ്ടുവന്നതാണ് എന്നതായിരുന്നു പ്രധാന ആരോപണം.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടന്റെ വാഹനം പിടിച്ചെടുത്തത്. വാദങ്ങൾ കേട്ട ഹൈക്കോടതി അന്വേഷണത്തിന് വാഹനം അനിവാര്യമാണോ എന്നും രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്ന് ചോദിച്ചു. ഇതിനിടെ വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക അതായത് 17 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നൽകാമെന്ന് ദുൽഖർ കോടതിയെയും അറിയിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്നും, എന്നാൽ ആ നടപടി താരം ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. നിയമവിരുദ്ധമായിട്ടാണെങ്കിൽ കസ്റ്റംസിന് വാഹനം പിടിച്ചെടുക്കാം അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിൽ ആണെന്നും വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖറിനെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും നടന്റെ ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.