RTO Jerson: ഒപ്പ് വേണോ? എങ്കില്‍ കുപ്പി വേണം! ആര്‍ടിഒ ജേഴ്‌സണിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 74 കുപ്പികള്‍
Ernakulam RTO Jerson Bribery Case: ജേഴ്‌സണിന്റെ വരവില്‍ കവിഞ്ഞുള്ള സ്വത്ത് സമ്പാദനത്തെ കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തും. 50 ലക്ഷം രൂപയാണ് ജേഴ്‌സണിന്റെയും കുടുംബത്തിന്റെയും പേരില്‍ അക്കൗണ്ടിലുള്ളതെന്ന് കഴിഞ്ഞ ദിവസം (ഫെബ്രുവരി 19) കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ന് (ഫെബ്രുവരി 20) നടത്തിയ പരിശോധനയില്‍ ബാങ്കിലുള്ളത് 84 ലക്ഷം രൂപയാണെന്ന് വിജിലന്‍സിന് ബോധ്യമായി.
കൊച്ചി: കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ പിടിയിലായതിന് പിന്നാലെ കുപ്പി കഥകള്‍ ചര്‍ച്ച ചെയ്ത് കേരളം. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായി ആര്‍ടിഒ ജേഴ്‌സണിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിജിലന്‍സ് പിടിച്ചെടുത്ത് 74 കുപ്പികളാണ്. ചെറുത് മുതല്‍ വലിയവ വരെ ഇവയില്‍ ഉള്‍പ്പെടുന്നു. ലക്ഷങ്ങള്‍ വില വരുന്ന കുപ്പികളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
ജേഴ്‌സണിന്റെ വരവില്‍ കവിഞ്ഞുള്ള സ്വത്ത് സമ്പാദനത്തെ കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തും. 50 ലക്ഷം രൂപയാണ് ജേഴ്‌സണിന്റെയും കുടുംബത്തിന്റെയും പേരില്‍ അക്കൗണ്ടിലുള്ളതെന്ന് കഴിഞ്ഞ ദിവസം (ഫെബ്രുവരി 19) കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ന് (ഫെബ്രുവരി 20) നടത്തിയ പരിശോധനയില്‍ ബാങ്കിലുള്ളത് 84 ലക്ഷം രൂപയാണെന്ന് വിജിലന്‍സിന് ബോധ്യമായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജേഴ്‌സണിന്റെ പേരില്‍ വസ്തുവകകള്‍ ഉണ്ട്. ഇതിന്റെയെല്ലാം രേഖകള്‍ പരിശോധിക്കുകയാണെന്ന് വിജിലന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മാത്രമല്ല വിജിലന്‍സ് റെയ്ഡിന്റെ പേരില്‍ ഇയാള്‍ സഹപ്രവര്‍ത്തകരെ കബളിപ്പിച്ചതായും വിവരമുണ്ട്.




അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി കൈക്കൂലിയായി ഇയാള്‍ വാങ്ങിയിരുന്നതില്‍ മദ്യകുപ്പികളും ഉണ്ടായിരുന്നു. ഇത്തരത്തില്‍ സമ്പാദിച്ച കുപ്പികള്‍ ഉള്‍പ്പെടെയാണ് വിജിലന്‍സ് ജേഴ്‌സണിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ആര്‍ടിഒ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചി ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ താത്കാലിക പെര്‍മിറ്റ് പുതുക്കുന്നതിനായാണ് ജേഴ്‌സണ്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റുമാരായ സജിയെയും രാമ പടിയാറിനെയും ബുധനാഴ്ച ഉച്ചയ്ക്ക് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ നിന്ന് വിജിലന്‍സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജേഴ്‌സണെ കുറിച്ചുള്ള വിവരം ലഭിക്കുന്നതും അറസ്റ്റ് ചെയ്തതും.
കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി നല്‍കിയ വ്യക്തിയുടെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെര്‍മിറ്റ് ഫെബ്രുവരി മൂന്നിന് അവസാനിച്ചിരുന്നു. ഇവരുടെ പേരിലുള്ള മറ്റൊരു ബസിന് പെര്‍മിറ്റ് അനുവദിക്കുന്നതിനായി ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. പിന്നീട് ജേഴ്‌സണ്‍ ആറാം തീയതി വരെ ബസിന് താത്കാലിക പെര്‍മിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് പെര്‍മിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
Also Read: Nedumbassery Airport Arrest: ‘ബാഗേജിൽ എന്താണ്… ബോംബ്’, യാത്ര മുടങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ഇതേതുടര്‍ന്ന് ആര്‍ടിഒയുടെ ഏജന്റുമാര്‍ ബസ് ഉടമയെ സമീപിക്കുകയും ആവശ്യപ്പെടുന്നത് കൊടുക്കാതെ പെര്‍മിറ്റ് കിട്ടില്ലെന്നും പറഞ്ഞു. തുടര്‍ന്നായിരുന്നു ഏജന്റുമാരായ രാമ പടിയാര്‍, സജി എന്നിവര്‍ ആദ്യഗഡുവായ 5,000 രൂപയും കുപ്പിയും ചെല്ലാനം സ്വദേശിയില്‍ നിന്ന് വാങ്ങിച്ചത്. വിജിലന്‍സിന് വിവരം നല്‍കിയതിന് ശേഷമായിരുന്നു ചെല്ലാനം സ്വദേശി കൈക്കൂലി നല്‍കിയത്.