Ettumanoor Jessy Murder: ‘അവള്‍ കൊല്ലപ്പെടേണ്ടവളാണ്’; പക തീരാതെ സാം; ക്രൂര മനോഭാവമെന്ന് പോലീസ്
Ettumanoor Jessy Murder Case: ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സാമിന്റെ കാറിൽ നിന്ന് രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തി.
കോട്ടയം: മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സാം കെ ജോർജിന്റെ ക്രൂര മനോഭാവത്തില്‍ മാറ്റമില്ലെന്ന് പോലീസ്. അവൾ കൊല്ലപ്പെടേണ്ടവളാണ് എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞതായാണ് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചില്ലെന്നും അറിയുന്നു.
മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയാണ് സാം കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. അതേസമയം ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സാമിന്റെ കാറിൽ നിന്ന് രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാമിന്റെ കാർ പിടിച്ചെടുത്തിരുന്നു. പിന്നാലെ നടന്ന പരിശോധനയിലാണ് കാറിൽ നിന്ന് മുടിയും രക്തകറയും കണ്ടെത്തിയത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നലെ ലാബിലേക്കു നല്‍കി.സാം ഉപേക്ഷിച്ച മുളകുസ്‌പ്രേയുടെ ടിന്‍ ഇവിടെനിന്നു കണ്ടെടുത്തു. ഈ സ്പ്രേ ജെസിയുടെ മുഖത്ത് പ്രയോഗിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ചുകയറിയതും കൊലപാതകം നടത്തിയതും.
കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു ജെസിയെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂപോയിന്റില്‍ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്ന് സാം കഞ്ഞിക്കുഴിയിലെത്തി കാർ കഴുകാൻ നൽകി. ശേഷം ബസ് കയറി എംജി സര്‍വകലാശാലാ ക്യാംപസില്‍ എത്തി. ഇവിടെ വച്ച് ജെസിയുടെ ഫോൺ ക്യംപസിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിനു സമീപത്തെ കുളത്തില്‍ എറിഞ്ഞതായാണ് പോലീസിനു നല്‍കിയ മൊഴി.
Also Read: സാമിന്റെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തു; പിന്നാലെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി
അതേസമയം ജെസിയുടെ സംസ്കാരം ഇന്ന് രണ്ട് മണിക്ക് പത്തനംതിട്ട കൈപ്പട്ടൂരിലെ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. നിലവിൽ . തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
ഐടി പ്രഫഷണലായ സാം എംജി യൂണിവേഴ്സിറ്റി ക്യാംപസിൽ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സും പഠിക്കുന്നുണ്ട്. എന്നാൽ ഇയാൾ കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ഇരുവരും തമ്മിൽ ഏറെ നാളായി കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. ഒരു വീട്ടിലാണ് താമസമെങ്കിലും ഇവര്‍ അകന്നുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസും നടന്നുവരികയാണ്.