ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍
Father and Stepmother Arrested:അൻസാറിനെ പത്തനംതിട്ട ജില്ലയിലെ കടമാൻകുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ചെങ്ങനൂർ ഡിവൈഎസ്പി എംകെ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച കേസിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് പിടിയിലായത്. അൻസാറിനെ പത്തനംതിട്ട ജില്ലയിലെ കടമാൻകുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ചെങ്ങനൂർ ഡിവൈഎസ്പി എംകെ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായ ഇവരെ ചെങ്ങനൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻസാറെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കുവേണ്ടി ഡിവൈഎസ്‌പിയുടെ കീഴിൽ അഞ്ചു പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞ് അന്വേഷണം നടക്കുകയായിരുന്നു. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
Also Read:വികൃതി കാണിച്ചതിന് മൂന്നാം ക്ലാസുകാരനെ ഇസ്തിരി ഉപയോഗിച്ച് പൊള്ളിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റിൽ
കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട് അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തുവന്നത്. തുടർന്ന് അധ്യാപിക പ്രധാന അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂള്‍ ലീഡറായ പെണ്‍കുട്ടി രാവിലെ നടന്ന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് അധ്യാപകരും പിടിഎ ഭാരവാഹികളും കവിളില്‍ അടിയേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്നാണ് കുറിപ്പു കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും. സംഭവത്തിൽ ഇടപ്പെട്ട ബാലാവകാശ കമ്മീഷൻ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടിക്കു കൗണ്‍സലിങ് സേവനം ഉറപ്പു വരുത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തിൽ കഴിഞ്ഞ ബുധനാഴ് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാർ ഒളിവിൽ പോകുകയായിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം രാത്രി അൻസാർ വീട്ടിലെത്തി പിതാവ് നിസാറുദീനെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.