Father Throws Acid on Daughter: കാസർഗോഡ് 17കാരിയായ മകളുടെ ദേഹത്ത് അച്ഛൻ ആസിഡ് ഒഴിച്ചു; ബന്ധുവായ 10 വയസുകാരിയ്ക്കും പൊള്ളലേറ്റു
Kasaragod Acid Attack: റബർ ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡ് ആണ് പ്രതി കുട്ടികളുടെ ദേഹത്തേക്ക് ഒഴിച്ചതെന്നാണ് വിവരം. മകളുടെ കൈക്കും കാലിനും പൊള്ളലേറ്റു.

പ്രതീകാത്മക ചിത്രം
കാസർകോട്: 17 വയസുകാരിയായ മകളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച് പിതാവ്. ബന്ധുവായ പത്ത് വയസുകാരിയും ആസിഡ് ആക്രമണം നേരിട്ട്. കാസർഗോഡ് പനത്തടി പാറക്കടവിലാണ് പിതാവിന്റെ ക്രൂരത. കർണാടകയ്ക്ക് സമീപമുള്ള ആനപ്പാറ സ്വദേശിയായ കെ സി മനോജ് ആണ് മകൾക്കും പത്ത് വയസുകാരിക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. രാജപുരം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
റബർ ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡ് ആണ് പ്രതി കുട്ടികളുടെ ദേഹത്തേക്ക് ഒഴിച്ചതെന്നാണ് വിവരം. മകളുടെ കൈക്കും കാലിനും പൊള്ളലേറ്റു. പത്ത് വയസുകാരിയുടെ മുഖത്ത് ഉൾപ്പടെ പൊള്ളൽ ഉണ്ട്. അതിക്രമത്തിന് ശേഷം മനോജ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ രാജപുരം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ രാജപുരം പോലീസ് ചുമത്തിയിരിക്കുന്നത്.
പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിൽ ആയിരുന്നു മകൾ താമസിക്കുന്നത്. മനോജും ഭാര്യയും കുറച്ച് കാലമായി പിണങ്ങി കഴിയുകയാണ്. എന്നും മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനെ തുടർന്നാണ് ഭാര്യ ഭർതൃവീട്ടിൽ നിന്ന് മാറി താമസിച്ചത്. ഇതിനെ തുടർന്നുണ്ടായ വിരോധമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.