Vadakara Accident: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
Four Dies in Accident: മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. ഇന്ന് വൈകിട്ട് 3.10 ഓടെയാണ് സംഭവം.
കോഴിക്കോട് : വടകരയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് സംഭവം. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിൻ ലാൽ, അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.10 ഓടെയാണ് സംഭവം.
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വാനിൽ സഞ്ചരിക്കുകയായിരുന്ന എട്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കാർ പെട്രോൾ നിറച്ച് പമ്പിൽ നിന്ന് ഇറങ്ങിവരുന്നതിനിടെയിൽ അമിതവേഗത്തിലെത്തിയ വാൻ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.