KSRTC Free travel: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര; പ്രഖ്യാപനം ജൂൺ 10-ന്
Free KSRTC Travel for Women: ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കുമോ സൗജന്യ യാത്ര നൽകുക എന്ന ചോദ്യത്തിന് മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ധനകാര്യ സെക്രട്ടറി, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഒരു പ്രവർത്തന മാതൃക തയ്യാറാക്കി ചർച്ച ചെയ്തുവരികയാണ്. അതുകൊണ്ട് കെഎസ്ആർടിസി ജീവനക്കാരോ അതുമായി ബന്ധപ്പെട്ട മറ്റുള്ളവരോ യാതൊരുവിധ ആശങ്കയും വെച്ചുപുലർത്തേണ്ടതില്ല.

Ksrtc (3)
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ വ്യാപ്തി അനുസരിച്ച് പ്രതിവർഷം 712 കോടി രൂപ മുതൽ 1,300 കോടി രൂപ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ 10-ന് നടക്കുന്ന നിർണ്ണായക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ പൂർണ്ണമായ രൂപരേഖ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ജനങ്ങൾക്ക് നൽകിയ അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്നായിരുന്നു ഈ കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി.
വിവേചനമില്ലാതെ എല്ലാവർക്കും ആനുകൂല്യം
മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചില പ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് സി.പി. ജോൺ പറഞ്ഞു. യാതൊരുവിധ തരംതിരിവുകളും ഇല്ലാതെ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാക്കും. ഇതോടൊപ്പം ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികളെയും ഈ സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ:ഇടവിട്ട് പെരുമഴ, കൂടെ ശക്തമായ കാറ്റും; ഓറഞ്ച് അലർട്ട് മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ
പദ്ധതി നടപ്പിലാക്കുമ്പോൾ പൊതുഗതാഗത ശൃംഖലയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക ഭാരത്തെക്കുറിച്ചുള്ള ആശങ്കകളോട് പ്രതികരിക്കവെ, ഓർഡിനറി വിഭാഗം ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര പരിമിതപ്പെടുത്തുന്നതെങ്കിൽ പ്രതിവർഷം 712 കോടി രൂപയോളം ആവശ്യമായി വരുമെന്ന് മന്ത്രി വിശദീകരിച്ചു. എന്നാൽ കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ബസുകളിലേക്കും ഈ സൗജന്യ സേവനം വ്യാപിപ്പിക്കുകയാണെങ്കിൽ പ്രതിവർഷ ചിലവ് 1,300 കോടി രൂപയോളമായി ഉയരും.
തുക സർക്കാർ നേരിട്ട് നൽകും; ജീവനക്കാർക്ക് ആശങ്ക വേണ്ട
ഏത് രീതിയിലുള്ള അന്തിമ തീരുമാനമുണ്ടായാലും ഇതിനാവശ്യമായ തുക പൂർണ്ണമായും സബ്‌സിഡിയായി സർക്കാർ തന്നെ നേരിട്ട് കെഎസ്ആർടിസിക്ക് നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇത്രയും വലിയ തുക കെ.എസ്.ആർ.ടി.സിയുടെ സ്വന്തം വരുമാനത്തിൽ നിന്നും കണ്ടെത്താൻ സാധിക്കില്ല. നിലവിൽ കെഎസ്ആർടിസിയിലെ ശമ്പളവും പെൻഷനും നൽകുന്നതിനായി പ്രതിമാസം 125 കോടി രൂപയോളം സർക്കാർ നേരിട്ട് നൽകുന്നുണ്ട്. അതിനുപുറമെയുള്ള പ്രത്യേക ധനസഹായമായിട്ടായിരിക്കും ഈ സബ്‌സിഡി തുക അനുവദിക്കുക. പൂർണ്ണമായ സർക്കാർ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പുരോഗതി തുടക്കത്തിൽ കൃത്യമായി നിരീക്ഷിക്കും.
ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കുമോ സൗജന്യ യാത്ര നൽകുക എന്ന ചോദ്യത്തിന് മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ധനകാര്യ സെക്രട്ടറി, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഒരു പ്രവർത്തന മാതൃക തയ്യാറാക്കി ചർച്ച ചെയ്തുവരികയാണ്. അതുകൊണ്ട് കെഎസ്ആർടിസി ജീവനക്കാരോ അതുമായി ബന്ധപ്പെട്ട മറ്റുള്ളവരോ യാതൊരുവിധ ആശങ്കയും വെച്ചുപുലർത്തേണ്ടതില്ല. പദ്ധതി നടപ്പിലാക്കിയതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവും അധികമായി പുതിയ ബസുകൾ ആവശ്യമുണ്ടോ എന്ന കാര്യവും സർക്കാർ വിലയിരുത്തും.
വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ താൻ ഇതുവരെ പ്രത്യേക യോഗങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അത്തരം കാര്യങ്ങളിൽ തീരുമാനമുണ്ടാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary
The Kerala government has announced that its free KSRTC bus travel scheme for all women and transgender individuals will come into effect on June 15, 2026. Estimated to cost between RS 712 crore and ₹1,300 crore annually depending on the bus categories included, the state government will fully subsidize the project to ensure no financial burden falls on the transport corporation.