Global Ayyappa Sangamam: ക്ഷേത്ര വരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ല – മുഖ്യമന്ത്രി
CM Pinarayi Vijayan Stresses Sabarimala's Secular Ethos: ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്നും, പകരം ക്ഷേത്ര വികസനത്തിനായി കോടിക്കണക്കിന് രൂപ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പമ്പ: ജാതി, മതഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ് ശബരിമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ഈ സംഗമത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തിയുടെ പേരിൽ പ്രത്യേക അജണ്ടകളുമായി പ്രവർത്തിക്കുന്നവർ ഈ സംഗമത്തെ തടയാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയുടെ സന്ദേശം മതനിരപേക്ഷതയാണ്. ‘എല്ലാവരും ഒന്നാണ്’ എന്ന ബോധം അത് ഉയർത്തിപ്പിടിക്കുന്നു. ലോകത്തെവിടെയുമുള്ള അയ്യപ്പഭക്തർക്ക് ദർശനം നടത്താനുള്ള സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഈ കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ ചെലുത്തുമ്പോൾ ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്ന വാദത്തെ അദ്ദേഹം വിമർശിച്ചു. പണ്ട് ക്ഷേത്രങ്ങൾ നാശാവസ്ഥയിലായപ്പോഴാണ് ഭക്തരുടെ ആവശ്യം പരിഗണിച്ച് സർക്കാർ ഇടപെട്ടതെന്നും, അതുവഴി പല ക്ഷേത്രങ്ങളും ജീർണ്ണതയിൽ നിന്ന് രക്ഷപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: La Nina: ലാനിന വരുന്നു, ഇനി കൊടും തണുപ്പ്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്നും, പകരം ക്ഷേത്ര വികസനത്തിനായി കോടിക്കണക്കിന് രൂപ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016-17 സാമ്പത്തിക വർഷം മുതൽ ദേവസ്വം സ്ഥാപനങ്ങളുടെ വികസനത്തിനായി 650 കോടിയോളം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നൽകുന്ന പണം കാണാതെ പോവുകയും, പണം കൊണ്ടുപോകുന്നുവെന്ന പ്രചാരണം നടത്തുകയും ചെയ്യുന്നത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.