Liquor Policy: വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ, കള്ള് ചെത്ത് തൊഴിലാളികളെ അവഗണിക്കുന്നു
Government is Promoting Foreign Liquor : ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. പോലീസിന്റെ ചില നടപടികൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതായി സി.പി.ഐ വിലയിരുത്തുന്നു.

പ്രതീകാത്മക ചിത്രം
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾക്കിടയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച്, പോലീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനവിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.
റിപ്പോർട്ടിലെ പ്രധാന വിമർശനങ്ങൾ
ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. പോലീസിന്റെ ചില നടപടികൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതായി സി.പി.ഐ വിലയിരുത്തുന്നു. സർക്കാരിന്റെ മദ്യനയത്തോടുള്ള വിയോജിപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ നിർമിത വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ, കള്ള് ചെത്ത് തൊഴിലാളികളെ അവഗണിക്കുന്നതായി സി.പി.ഐ കുറ്റപ്പെടുത്തുന്നു. എൽ.ഡി.എഫിന്റെ അടിസ്ഥാനമായ തൊഴിലാളിവർഗത്തിനും അടിസ്ഥാന ജനവിഭാഗങ്ങൾക്കും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു.
ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ വിവിധ ക്ഷേമബോർഡുകളുടെ പ്രവർത്തനം നിലച്ച മട്ടിലാണ്. കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിൽ റിപ്പോർട്ട് അതൃപ്തി രേഖപ്പെടുത്തി.
ഇതിനെല്ലാം പുറമെ, സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനം മികച്ചതാണെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മുന്നണിയിൽനിന്ന് അകന്നവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കണമെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമം കൊണ്ടുവരണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.