Kerala Rain Update: മഴ ഇനി ഒറ്റയ്ക്കല്ല, കൂടെ ഇടിയും മിന്നലും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
Chance of rain with thunderstorm in isolated places in Kerala today: കേരളത്തിലെ പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഇന്ന് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂര്‍ കൊണ്ട് 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
മറ്റ് ജില്ലകളിലെല്ലാം ഇന്ന് ഗ്രീന്‍ അലര്‍ട്ടാണ്. നിലവില്‍ സെപ്തംബര്‍ 14 വരെയുള്ള മഴ മുന്നറിയിപ്പുകളാണ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. നാളെ മുതല്‍ 14 വരെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യത. ഇന്ന് കേരള, ലക്ഷദ്വീപ്, കര്‍ണാടക കടല്‍ത്തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഒറ്റപ്പെട്ടയയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.