Amayizhanjan Canal Death: ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി; ഗൃഹപ്രവേശം ഇന്ന് വൈകീട്ട്
Home for Cleaning Worker Joy’s Mother: തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ചുനൽകിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. മന്ത്രി എംബി രാജേഷ് അടക്കമുള്ളവർ ചടങ്ങിനെത്തും.

Joys Mother
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെൽഹിക്ക് വീടൊരുങ്ങി. തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ചുനൽകിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. മന്ത്രി എംബി രാജേഷ് അടക്കമുള്ളവർ ചടങ്ങിനെത്തും. ജില്ല പഞ്ചായത്ത് കണ്ടെത്തിയ അഞ്ച് സെന്റ് സ്ഥലത്താണ് പത്ത് ലക്ഷം രൂപ ചെലവിട്ട് വീട് നിർമിച്ചത്. മാരായമുട്ടം കോണത്തുവിളാകത്താണ് വീട് നിർമിച്ചത്.
പുതിയതായി നിർമിച്ച വീട്ടിൽ രണ്ട് മുറിയും അടുക്കളയും ഒരു ഹാളുമുണ്ട്. വീടിനോട് ചേർന്ന് ഒരു കിണറും നിർമിച്ചിട്ടുണ്ട്. അമ്മയും ജോയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ജോയ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് ജോയി മടങ്ങിയത്. സഹോദരി ജെസിക്ക് നൽകിയ ഒരു സെന്റ് സ്ഥലത്ത് ഒറ്റമുറി വീട്ടിലായിരുന്നു മെൽഹി താമസിച്ചിരുന്നത്. ഒരു വഴിപോലുമില്ലാതെ തകർച്ചയിലായിരുന്നു ആ വീട്.
ഈ വീട്ടിലേക്ക് ജോയിയുടെ മൃതദേഹം കൊണ്ടുപോകാൻ ഏറെ പ്രയാസമായിരുന്നു. സഹോദരന്റെ വീട്ടിലായിരുന്നു അന്ന് നാട്ടുകാർക്ക് അന്ത്യോപചാരമൊരുക്കാൻ സൗകര്യമൊരുക്കിയത്. ജോയിയുടെ മരണത്തോടെ അനാഥയായ മെൽഹിയെ പുനഃരധിവസിപ്പിക്കുമെന്ന് കോർപ്പറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ശുപാർശയാണ് സർക്കാർ അംഗീകരിച്ച് നടപ്പാക്കിയത്.
കഴിഞ്ഞ വർഷം ജൂലൈ 12നാണ് ശുചീകരണ ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ജോയിയെ കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.