VS Achuthanandan: പാർട്ടി സമ്മേളനത്തിൽ പരാജയം, മുറിവിൽ ഉപ്പു പോലെ മാരാരിക്കുളം; തോൽവികളെ മറികടന്ന വിഎസിൻ്റെ രാഷ്ട്രീയ ജീവിതം
VS Achuthanandan Political Journey: പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വിഎസിന്റേത്. തനിക്ക് ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും അതിലൂടെ തോൽവികളും ശാസനകളും ഏറ്റവാങ്ങിയ വ്യക്തിയാണ് അദ്ദേഹം.

Vs Achuthanandan
കേരളം കണ്ട ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ്. തോളുയർത്തിയുള്ള സംസാരത്തിലും വാക്കുകളിലും ഇന്നോളം നിലനിന്നത് ഉറച്ച നിലപാടുകളുടെ ശബ്ദം മാത്രം. 1923 ഒക്ടോബർ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദൻ്റെ പിറവി. എന്നാൽ തൻ്റെ പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ അന്നാകും അദ്ദേഹം ജീവിതത്തിൽ ആദ്യ തോൽവി എന്താണെന്ന് അറിഞ്ഞത്.
ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച്, ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ കൂടി. പിന്നീട് പല ജോലികൾ മാറി മാറി ചെയ്തു. കയർ ഫാക്ടറിയിൽ ജോലി തുടരവെയാണ്, നാട്ടിലെങ്ങും നിവർത്തനപ്രക്ഷോഭം അരങ്ങേറിയത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വിഎസ് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും സജീവ സാനിധ്യമായ അദ്ദേഹം 1940-ൽ തൻ്റെ കമ്യൂണിസ്റ്റ് പാർട്ടി ജീവിതത്തിന് തുടക്കമിട്ടു.
അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി കൃഷ്ണപിള്ളയാണെന്ന് പലപ്പോഴായി പുറത്തുവന്ന കഥകളിൽ വ്യക്തമാണ്. 1952-ൽ വി എസ്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അന്നായിരുന്നു പാർട്ടി അംഗത്തിൽ നിന്ന് നേതാവിലേക്കുള്ള സ്ഥാനമാറ്റം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച ഏഴുനേതാക്കളിൽ ഒരാളാണ് വിഎസ്.
പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വിഎസിന്റേത്. തനിക്ക് ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും അതിലൂടെ തോൽവികളും ശാസനകളും ഏറ്റവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. 1991 അവസാനം കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി പദവി വിഎസിന് നഷ്ടമായി. പാർട്ടി സമ്മേളനത്തിൽ വിഎസിനേറ്റ പരാജയത്തിന്റെ മുറിവിൽ ഉപ്പുപുരട്ടി 1996ൽ മാരാരിക്കുളത്ത് നടന്ന തെരഞ്ഞെടുപ്പ് ഫലം. പാർട്ടി വിജയിച്ചെങ്കിലും വിഎസ് പരാജയപ്പെട്ടു.
വിഎസ് ആദ്യമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് 1965 ലായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ അമ്പലപ്പുഴയിൽ മത്സരിച്ച വിഎസ് 2327 വോട്ടിന് കോണ്ഗ്രസിന്റെ കെ എസ് കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെട്ടു. 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോൽവിയേറ്റുവാങ്ങേണ്ടിവന്നു. 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ചെറിയ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2006 മെയ് പതിനെട്ടിന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വിഎസിന് പ്രായം 83 ആയിരുന്നു.