Husband Kills Wife: രാത്രി ഫോൺ വിളിക്കുന്നുവെന്ന് സംശയം; ഭാര്യയെ വെട്ടിക്കൊന്ന് പുതപ്പിട്ട് മൂടി ഭർത്താവ്, അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് കുട്ടികളെ നേരത്തേ സ്‌കൂളിലാക്കി
Husband Kills Wife: അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്. കുട്ടി വിളിച്ചിട്ടും ബിൻസിയെ എണീക്കാത്തതിനാൽ തലയിൽ മൂടിയിരുന്ന പുതപ്പ് മാറ്റിനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പുന്നമൂട് കുരുവിക്കാട് പള്ളിയറ ദേവീക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടിൽ ബിൻസിയെ(31) ഭർത്താവ് സുനിൽ(40) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സുനിലിനെ നേമം പോലീസ് അറസ്റ്റുചെയ്തു.
വ്യാഴാഴ്ച രാവിലെയോടെയാണ് വീട്ടിൽ ബിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ഫോണിൽ ആരോടോ സംസാരിക്കുന്നുവെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ബിൻസിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്.
കുട്ടി വിളിച്ചിട്ടും ബിൻസിയെ എണീക്കാത്തതിനാൽ തലയിൽ മൂടിയിരുന്ന പുതപ്പ് മാറ്റിനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. അവരെത്തി ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ സനോജിനെയും രണ്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥിനെയും അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രാവിലെതന്നെ ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് സുനിൽ സ്‌കൂളിലയക്കുകയായിരുന്നു. ഇതിനു ശേഷം അടുത്ത വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെ സുനിൽ ഓടിയെത്തി ബിൻസിയെ ആശുപത്രിയിലാക്കാൻ കൂടെപ്പോയി.
Also Read:മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; സംഭവം ആലപ്പുഴയില്‍
ആശുപത്രിയിൽ നിന്നാണ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ബിൻസി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതാണ് കൊലപാതകത്തിലേക്ക് എത്തിച്ചെതെന്നാണ് പോലീസ് പറയുന്നത്. സംശയത്തെ തുടർന്ന് ഇരുവരും വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കല്ലിയൂരിൽ ഹരിതകർമ സേനാംഗമായിരുന്നു ബിൻസി.