Malankara Dam Opened: മഴ ശക്തമായതോടെ മുന്നറിയിപ്പില്ലാതെ മലങ്കര ഡാം തുറന്നു; പുഴകളിൽ ജലനിരപ്പ് ഉയരും, വിനോദസഞ്ചാരത്തിന് വിലക്ക്
Idukki Malankara Dam Opened: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴ മുൻനിർത്തി പല ജില്ലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കിയിരിക്കുകയാണ്. തിരുവനന്തപുരം പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി അധികൃതർ അറിയിച്ചു.

തിരുവവന്തപുരം: ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൻ്റെ (Malankara Dam Opened) ഷട്ടറുകൾ തുറന്നു. സംസ്ഥാനത്ത് പരക്കെ മഴ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പില്ലാതെ ഡാം തുറന്നത്. ഇതിന് പിന്നാലെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിലെ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം നിലവിൽ തുറന്നത്.
ഡാമിൻ്റെയും പുഴകളുടെയും വൃഷ്ടി പ്രദേശത്ത് താമസിക്കുന്ന പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴ മുൻനിർത്തി പല ജില്ലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കിയിരിക്കുകയാണ്. തിരുവനന്തപുരം പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി അധികൃതർ അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഇന്നലെ രാത്രി സംസ്ഥാനത്ത് പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.