ചോറുകൊടുത്ത കൈയ്ക്കിട്ടു തന്നെ കുത്തി! ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്: മുഖ്യപ്രതി 10 വർഷത്തിനുശേഷം പിടിയിൽ
Irikkur Kunjamina Murder Case: അബ്ബാസ് അലിയുടെ അറസ്റ്റോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് അമ്മയെയും മകളെയും നേരത്തെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പർവീൺ ബാനുവിന്റെ മകനും മുഖ്യപ്രതിയുമായ അബ്ബാസ് അലിയും പിടിയിലായിരിക്കുന്നത്.
ഇരിക്കൂർ: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതി പിടിയിൽ. ഡൽഹി സ്വദേശി അബ്ബാസ് അലി ആണ്
കൊല നടന്ന് പത്തുവർഷത്തിന് ശേഷം അറസ്റ്റിലായത്. കുഞ്ഞാമിന വധവുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ നേരത്തെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അമ്മയും രണ്ടുമക്കളും അടക്കം മൂന്നുപേരായിരുന്നു കേസിലെ പ്രതികൾ. അബ്ബാസ് അലിയുടെ അറസ്റ്റോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് അമ്മയെയും മകളെയും നേരത്തെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പർവീൺ ബാനുവിന്റെ മകനും മുഖ്യപ്രതിയുമായ അബ്ബാസ് അലിയും പിടിയിലായിരിക്കുന്നത്.
2016 ഏപ്രിൽ 30-ന് ആണ് ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ മെരടൻ കുഞ്ഞാമിന വീടിന് സമീപത്തെ സ്വന്തം ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരികൾ എന്ന വ്യാജേന രണ്ട് സ്ത്രീകളും ഒരു യുവാവും അടങ്ങുന്ന ഇതരസംസ്ഥാനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ പർവീൺ ബാനു, മകൻ അബ്ബാസ് അലി, മകൾ സക്കീന ഫാത്തിമ എന്നിവരായിരുന്നു ആ ഇതരസംസ്ഥാനക്കാർ. ഇവർ കുഞ്ഞാമിനയുമായും വളരെ അടുപ്പം സ്ഥാപിച്ചിരുന്നു. കൊല നടന്ന ദിവസവും ഇവർക്ക് കുഞ്ഞാമിനയാണ് ചോറുകൊടുത്തത്. വിദേശത്ത് പോകാനുള്ള രേഖകൾ ശരിയാക്കാൻ കുഞ്ഞാമിനയുടെ മക്കൾ മട്ടന്നൂരിൽ പോയ ദിവസമാണ് കൊല നടന്നത്.
കുഞ്ഞാമിനയുടെ മക്കൾ സ്ഥലത്തുണ്ടാകില്ല എന്ന് മനസിലാക്കിയ പ്രതികൾ കവർച്ച ആസൂത്രണം ചെയ്തു. മക്കൾ പോയശേഷം പ്രതികൾ കുഞ്ഞാമിനയെ ബന്ധിച്ച് കസേരയിലിരുത്തി. ദേഹത്തുണ്ടായിരുന്ന മാലയും മോതിരവും ഊരിയെടുത്തശേഷം വീട്ടിൽ സ്വർണവും പണവും ഇരിക്കുന്ന സ്ഥലം പറയാൻ ആവശ്യപ്പെട്ട് സ്‌ക്രൂഡ്രൈവർ കൊണ്ട് പലതവണ കുത്തി. 10 പവനോളം സ്വർണം പ്രതികൾ കവർന്നു. സംഭവശേഷം വീടുപൂട്ടി പത്തരയോടെ ഓട്ടോറിക്ഷയിൽ മട്ടന്നൂരെത്തി, മറ്റൊരു ഓട്ടോയിൽ തലശ്ശേരിയിലെത്തി. അവിടന്ന് തീവണ്ടിയിൽ മംഗളൂരുവിലേക്ക് പോയി എന്നാണ് കണ്ടെത്തൽ.
മക്കൾ തിരിച്ചെത്തി നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്സിൽ കസേരയിൽ കെട്ടിയിട്ട നിലയിൽ കുഞ്ഞാമിനയുടെ മൃതദേഹം കണ്ടെത്തി. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. വായയിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. കാൽമുട്ടുകളും തല്ലിതകർത്തിരുന്നു. കേസ് പോലീസ് അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് 2021-ൽ ക്രൈം ബ്രാഞ്ചിന് വിട്ടു. ഒടുവിൽ 10 വർഷത്തിനിപ്പുറം മൂന്ന് പ്രതികളും അറസ്റ്റിലായി.
English Summary
The prime suspect in the Irikkur Kunjamina murder case has been apprehended. Abbas Ali, a native of Delhi, was arrested ten years after the murder took place. Previously, the Kannur Crime Branch had arrested Parveen Banu (55) and Sakeena Fathima (32) both natives of Delhi in connection with the killing of Kunjamina.