MB Rajesh: ‘കേന്ദ്രം അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ല’; എം ബി രാജേഷ്
MB Rajesh about Central assistance: കേരളത്തിനുള്ള അധിക സഹായം ആണോ എന്ന കാര്യത്തിൽ സംശയമുണ്ട്. സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ കേരളത്തിന്റെ ആവശ്യം പ്രത്യേക സഹായം ആണെന്നും മന്ത്രി പറഞ്ഞു.

എംബി രാജേഷ്
തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരവാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 260.5 6 കോടി വയനാടിനായയുള്ള പ്രത്യേക സഹായം ആണോ എന്ന് വ്യക്തമല്ലെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തിനുള്ള അധിക സഹായം ആണോ എന്ന കാര്യത്തിൽ സംശയമുണ്ട്. സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ കേരളത്തിന്റെ ആവശ്യം പ്രത്യേക സഹായം ആണെന്നും മന്ത്രി പറഞ്ഞു.
ദുരന്ത ലഘൂകരണനിധിയിൽ നിന്നുള്ള സഹായം എന്ന് പറയുമ്പോൾ സാധാരണഗതിയിൽ തന്നെ കേരളത്തിൽ അവകാശപ്പെട്ടതാണോ അതോ വയനാടിന് മാത്രമായുള്ള പ്രത്യേക അധിക സഹായമാണോ എന്ന് വ്യക്തമായിട്ടില്ല. സമാനതകളില്ലാത്ത ഒരു ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. അതിന് പ്രത്യേകമായിട്ടുള്ള സഹായമാണ് വേണ്ടത്. അതാണോ ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായിട്ടില്ല. കേന്ദ്രം അനുവദിച്ച തുകയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കേരളത്തിന് ദേശീയ ദുരന്ത നിവാരണ നിധിയിൽ (NDRF) നിന്നും 260.5 6 കോടി രൂപയാണ് അനുവധിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗമാണ് തുക അനുവദിച്ചത്. കേരളം കൂടാതെ അസം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ 9 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം സഹായം അനുവദിച്ചത്.
4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. വയനാട് പുനർനിർമ്മാണത്തിനായി കേരളം ആവശ്യപ്പെട്ടത് 2221 കോടി രൂപയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ ചർച്ചകളിൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ഇതിനു പുറമേ രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി 2444.42 കോടി രൂപയും കേന്ദ്രം അധികമായി നീക്കിവെച്ചിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം ജില്ലയും ഉൾപ്പെടുത്തിയിട്ടുണ്ട്. അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് (Urban Flood Risk Management Programme)പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ജില്ല ഉൾപ്പെട്ടിരിക്കുന്നത്.