K Jayakumar: കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്ക്; വിവാദങ്ങളൊഴിവാക്കാന്‍ സര്‍ക്കാരിന്റെ ‘മാസ്റ്റര്‍ പ്ലാന്‍’
K Jayakumar may be appointed as the president of Travancore Devaswom Board: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചേക്കും. മുഖ്യമന്ത്രിയാണ് കെ ജയകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് പേരുകളാണ് സിപിഎം പരിഗണിച്ചത്

പിണറായി വിജയൻ, കെ ജയകുമാർ
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയമിച്ചേക്കും. അന്തിമ തീരുമാനം ഉടനെയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ ജയകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചത്. പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് പേരുകളാണ് സിപിഎം പരിഗണിച്ചത്. ഇതില്‍ മുൻ ചീഫ് സെക്രട്ടറി ജയകുമാറിന്റെ പേര് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതോടെ അദ്ദേഹം തന്നെ പ്രസിഡന്റാകാനാണ് സാധ്യത. ഔദ്യോഗിക തീരുമാനം നാളെ പ്രതീക്ഷിക്കാം.
ജയകുമാറുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ പ്രസിഡന്റിന്റെ പേര് ‘സര്‍പ്രൈസ്’ ആയിരിക്കുമെന്ന സൂചന ഗോവിന്ദന്റെ വാക്കുകളിലുണ്ടായിരുന്നു. നിലവില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടറാണ് ജയകുമാര്‍.
എന്തുകൊണ്ട് ജയകുമാര്‍?
ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്തുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവെ സ്വീകാര്യനായ ജയകുമാറിന്റെ പേര് ഉയര്‍ന്നുവന്നത്.
Also Read: Sabarimala Gold Scam: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; മുന്‍ തിരുവാഭരണ കമ്മീഷണര്‍ അറസ്റ്റില്‍
ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തി കൂടിയാണ് ജയകുമാര്‍. നേരത്തെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാദങ്ങളില്ലാതെ ദേവസ്വം ബോര്‍ഡിനെ നയിക്കാന്‍ ജയകുമാറിന് സാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
എന്നാല്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ജയകുമാറിന്റെ നിയമനത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഇത്തവണത്തെ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ഇനി ഒരാഴ്ചയോളം മാത്രമാണ് ബാക്കിയുള്ളത്. ഇതിനുള്ളില്‍ പുതിയ പ്രസിഡന്റിനെ നിയമിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.