Vasuki IAS: മറ്റുള്ളവർ ഉപയോഗിച്ച് ഉപേക്ഷിച്ച സാരികളാണത്, പുത്തൻ സാരി വാങ്ങിയിട്ട് 10 വർഷം, വൈറലായി വാസുകി ഐ.എ.എസ്
K. Vasuki IAS Promotes Eco-Friendly Lifestyle: ശുചിത്വ മിഷന്റെ ചുമതലയിൽ ഇരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചിന്തയിലേക്ക് എത്തുന്നത് എന്നും ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ച സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങളുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

K Vasuki Ias
തൃശ്ശൂർ: കേരളത്തിലെ പ്രളയ സമയത്ത് സാരികൾ കൊണ്ട് ശ്രദ്ധേയയായ കളക്ടറാണ് വാസുകി െഎ എ എസ്. ഇടയ്ക്കെല്ലാം താൻ ഉപയോഗിക്കുന്ന സെക്കന്റ് ഹാൻഡ് സാരികളെപ്പറ്റി സംസാരിക്കാറുള്ള കളക്ടർ വീണ്ടും ഇപ്പോൾ ശ്രദ്ധേയയാവുകയാണ്. മറ്റുള്ളവർ ഉപയോഗിച്ച് ഉപേക്ഷിച്ച സാരികളാണ് താൻ ഉപയോഗിക്കുന്നതെന്നും തന്റെ കയ്യിലുള്ളതിൽ 80 ശതമാനവും അത്തരത്തിലുള്ള സാരികളാണെന്നും കെ. വാസുകി ഐ.എ.എസ് മീഡിയ വണ്ണിനോട് വ്യക്തമാക്കുന്നു. സമ്മാനമായി ലഭിക്കുന്ന സാരികളിൽ ഇഷ്ടം തോന്നുന്നവ എടുക്കും, ബാക്കി പഴയതാണെന്നും ഏകദേശം 10 വർഷമായി പുത്തനൊരു സാരി വാങ്ങിയിട്ട് എന്നും അവർ തുറന്നു സമ്മതിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തെ ഉത്തരവാദിത്ത ബോധമുള്ള തലമുറയുടെ സൃഷ്ടിക്കായി കൂടി ഉപയോഗിക്കുന്നതിന്റെ പ്രഖ്യാപനത്തിനിടെ തന്റെ പഴയ മെറൂൺ നിറത്തിലുള്ള സാരിയെ കുറിച്ച് കെ. വാസുകി പറഞ്ഞതും ശ്രദ്ധേയമായിരുന്നു. തുടർന്നാണ് വീണ്ടും ഈ വിഷയം ശ്രദ്ധിക്കപ്പെടുന്നത്.
ALSO READ: മഴ തുടരും, മുന്നറിയിപ്പ് വടക്കൻ ജില്ലകളിൽ മാത്രമോ? കാലാവസ്ഥ ഇങ്ങനെ…
2018ൽ തിരുവനന്തപുരം കലക്ടർ ആയിരുന്നപ്പോൾ അവിടെയുള്ള റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പുനരുപയോഗ സ്വാപ് ഷോപ്പിൽ (ഉപയോഗിച്ച സാധനങ്ങളുടെ മാറ്റക്കട) നിന്ന് ലഭിച്ച സാരിയാണ് പരിപാടിയിൽ വാസുകി ധരിച്ചത്. എട്ട് വർഷമായി ഉപയോഗിച്ചിട്ടും ഒരു കുഴപ്പമില്ലെന്നും അവർ പറഞ്ഞു. 25 വർഷം പഴക്കമുള്ള സാരിയും താൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
ശുചിത്വ മിഷന്റെ ചുമതലയിൽ ഇരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചിന്തയിലേക്ക് എത്തുന്നത് എന്നും ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ച സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങളുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളിലേക്ക് ഈ ആശയം കൈമാറാനും ഉപഭോഗം പരമാവധി കുറക്കാനും പരിസ്ഥിതി സൗഹൃദമാക്കാനുമാണ് കലോത്സവത്തിന്റെ പ്രധാന വേദിയിൽ തന്നെ സ്വാപ് ഷോപ്പ് ആരംഭിച്ചത്.