വിമാനത്തിൽ പറന്നെത്തും, ദിവസക്കൂലിക്ക് മോഷണം, ഇര ബിഎസ്എൻഎൽ; ചെമ്പ് കേബിൾ കവർച്ചയിൽ തൊണ്ടി കണ്ടെത്തി
Kannur BSNL copper cable theft: ചെമ്പിന് വില കൂടിയത് ആസൂത്രിതമായി വൻ മോഷണങ്ങളുടെ പരമ്പര തന്നെ നടക്കാൻ കാരണമാകുന്നു. 2025ൽ ചെമ്പിന് ടൺ ഒന്നിന് വില പത്തു ലക്ഷം രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ അത്, പതിനഞ്ചു ലക്ഷം രൂപയായി വർധിച്ചു. സ്വാഭാവികമായും മോഷ്ടാക്കളിൽ പലരുടെയും ഇഷ്ട 'വിഭവമായി' ചെമ്പ് മാറി. ഇതോടെ കൂടുതലും ഇരയാക്കപ്പെടുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കേബിളുകളാണ്.
കണ്ണൂർ: ബിഎസ്എൻഎൽ തൊഴിലാളികൾ എന്ന വ്യാജേന യൂണിഫോം അടക്കം ധരിച്ചെത്തി ചെമ്പ് കേബിളുകൾ മോഷ്ടിക്കുന്ന സംഘം സംസ്ഥാനത്ത് സജീവമാണെന്ന് സൂചന. കഴിഞ്ഞ ശനിയാഴ്ച പട്ടാപ്പകൽ കണ്ണൂർ നഗരമധ്യത്തിലെ ബിഎസ്എൻഎൽ സിടി ബോക്‌സ് തകർത്ത് ചെമ്പ് കേബിൾ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചെമ്പ് കേബിൾ മോഷ്ടിക്കാൻ പ്രതികളുടെ സംഘം എത്തിയത് വിമാനത്തിൽ ആഡംബരയാത്ര നടത്തിയാണെന്നും ദിവസക്കൂലി അടിസ്ഥാനത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത് എന്നത് അടക്കമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രതികൾ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പോലീസ് തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രവർത്തനരഹിതമായ വാണിജ്യ സ്ഥാപനങ്ങൾക്ക് പുറമെ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഔട്ട്‌ഡോർ ജങ്ഷൻ ബോക്സുകളാണ് ചെമ്പ് കേബിൾ മോഷ്ടാക്കളുടെ പ്രധാന ഇര. ടെലികോം പില്ലറുകളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ചെമ്പ് കേബിളുകളാണ് മോഷണ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ഓപ്പറേഷനുകളിലായി ഇതുവരെ 11 പേർ ചെമ്പ് കേബിൾ മോഷണത്തിൽ അറസ്റ്റിലായിട്ടുണ്ട്.
Also Read: ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവൻ
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ബാഗ്‌പത് സ്വദേശികളായ 11 പേരെ തൃശൂർ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ മോഷണം നടന്നത് ശനിയാഴ്ചയായിരുന്നു. വിമാനത്തിൽ ആഡംബരയാത്ര നടത്തി എത്തിയ സംഘം ഉച്ചയ്ക്ക് 2.30ന് തൊഴിലാളികൾ ഉപയോഗിക്കുന്ന ജാക്കറ്റ്, ഹെൽമറ്റ് എന്നിവ ധരിച്ചെത്തി വൻ ആസൂത്രിതമായാണ് കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്തെ ബിഎസ്എൻഎല്ലിന്റെ സിടി ബോക്‌സ് തകർത്ത് കവർച്ച നടത്തിയത്.
പട്ടാപ്പകൽ നഗരമധ്യത്തിൽ എല്ലാവരുടെയും കൺമുന്നിൽ ആണ് കവർച്ച നടന്നത്. ജീവനക്കാരുടെ വേഷത്തിലായതിനാൽ സംശയം ഉയർന്നില്ല. എന്നാൽ പിന്നീട് മോഷണം അറിയുകയും തിങ്കളാഴ്ച ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ അഞ്ചുപേരെ കണ്ണൂർ പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബുധനാഴ്ച രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത്. മോഷ്ടിച്ച സാധനങ്ങൾ കണ്ണൂരിലെ താമസസ്ഥലത്ത് ഇവർ ഭദ്രമായി എത്തിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ഡൽഹിയിലേക്ക് പാഴ്സലായി അയക്കാനായിരുന്നു നീക്കം. തെളിവെടുപ്പിൽ പ്രതികൾ താമസിച്ചിരുന്ന മുറിയിൽനിന്ന് തൊണ്ടിമുതലായ ചെമ്പ് കേബിൾ ചാക്കിലാക്കി സൂക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തു.
ചെമ്പിന് വില കൂടിയതാണ് ആസൂത്രിതമായി വൻ മോഷണങ്ങളുടെ പരമ്പര തന്നെ നടക്കാൻ കാരണമായത്. 2025ൽ ചെമ്പിന് ടൺ ഒന്നിന് വില പത്തു ലക്ഷം രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ അത്, പതിനഞ്ചു ലക്ഷം രൂപയായി വർധിച്ചു. സ്വാഭാവികമായും മോഷ്ടാക്കളിൽ പലരുടെയും ഇഷ്ട ‘വിഭവമായി’ ചെമ്പ് മാറി. ഇതോടെ കൂടുതലും ഇരയാക്കപ്പെടുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കേബിളുകളാണ്.
English Summary
There are indications that a gang is active in the state, stealing copper cables while posing as BSNL workers complete with uniforms. Details have emerged regarding an incident last Saturday where the gang having arrived via a luxury flight-stole copper cables after breaking open a BSNL CT box in the heart of Kannur city in broad daylight; it was also revealed that they operated on a daily-wage basis. The stolen property was recovered from the accused’s place of stay.