Jan Shatabdi Express: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പ്; അവസാനം ജനശതാബ്ദിക്ക് പുതിയ സ്റ്റോപ്പ്
Kannur Thiruvananthapuram Jan Shatabdi Express: യാത്രക്കാരുടെ അഭ്യർത്ഥന കണക്കിലെടുത്ത് റെയിൽവേ ബോർഡിലും മന്ത്രാലയത്തിലും നിരന്തരമായി നടത്തിയ ഇടപെടലുകളുടെ ഫലമാണ് ഈ തീരുമാനം. സാധാരണ മന്നം ജയന്തി ദിനങ്ങളിൽ മാത്രമാണ് ഇവിടെ ട്രെയിനിന് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരുന്നത്.

Jan Shatabdi Express
തിരുവനന്തപുരം: യാത്രക്കാർക്ക് ഏറെ സന്തോഷം നൽക്കുന്ന പുതിയൊരു അറിയിപ്പാണ് റെയിൽവേ പുറത്തുവിട്ടിരിക്കുന്നത്. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081/82) ഇനി മുതൽ ചങ്ങനാശേരിയിലും നിർത്തിത്തുടങ്ങും. ഒക്ടോബർ ഒമ്പത് മുതലാണ് ജനശതാബ്ദി എക്സ്പ്രസ് ചങ്ങനാശേരി സ്റ്റേഷനിൽ തിർത്തുക.
യാത്രക്കാരുടെ അഭ്യർത്ഥന കണക്കിലെടുത്ത് റെയിൽവേ ബോർഡിലും മന്ത്രാലയത്തിലും നിരന്തരമായി നടത്തിയ ഇടപെടലുകളുടെ ഫലമാണ് ഈ തീരുമാനമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരിയിൽ ട്രെയിനിന് സ്റ്റോപ്പ് ഇല്ലാത്തതിനാൽ മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് കോട്ടയം അല്ലെങ്കിൽ ആലപ്പുഴയിൽ ഇറങ്ങേണ്ടി വന്നിരുന്നു. ശേഷം റോഡ് മാർഗമാണ് ബാക്കി യാത്ര നടത്തിയിരുന്നത്.
വർഷങ്ങളായി യാത്രക്കാർ നേരിട്ടിരുന്ന പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. സാധാരണ മന്നം ജയന്തി ദിനങ്ങളിൽ മാത്രമാണ് ഇവിടെ ട്രെയിനിന് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരുന്നത്. യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കുക എന്നത്. വിഷയത്തിന്റെ പ്രാധാന്യം ഉന്നയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനേയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിട്ട് കണ്ടിരുന്നതായും അദ്ദേഹം അറിയിച്ചു.
ഒക്ടോബർ ഒമ്പതിന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 2.55 ന് പുറപ്പെടുന്ന കണ്ണൂരിലേക്കുള്ള സർവീസിലാണ് ജനശതാബ്ദി എക്സ്പ്രസ് ആദ്യമായി ചങ്ങനാശ്ശേരിയിൽ നിർത്തുന്നത്. തിരികെ പിറ്റേന്ന് രാവിലെ കണ്ണൂരിൽ നിന്ന് 4:50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:10 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തലശ്ശേരി, വടകര, കോഴിക്കോട്, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം ജംഗ്ഷൻ എന്നിവയാണ് സ്റ്റോപ്പുള്ള മറ്റ് പ്രധാന സ്റ്റേഷനുകൾ.