Karanavar Murder Case: കാരണവർ വധക്കേസ് : പ്രതിയായ ഷെറിൻ ഉൾപ്പെടെ തടവുകാർക്ക് മോചനമായി
Karanavar Murder Case Main Accuse Sherin will Release: മദ്യപിച്ച് വഴക്കുണ്ടാക്കി അയൽവാസികളെയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റ് രണ്ട് കേസുകളിലെ പ്രതികളാണ് ശിക്ഷാ ഇളവ് ലഭിച്ച മറ്റ് പത്ത് പേർ. മലപ്പുറത്തും തിരുവനന്തപുരത്തുമായി നടന്ന ഈ കേസുകളിൽ അഞ്ച് പ്രതികൾ വീതമാണുള്ളത്.

Karanavar Murder Case
തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസിലെ പ്രതിയായ ഷെറിൻ ഉൾപ്പെടെ 11 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്ന് വ്യത്യസ്ത കേസുകളിലെ പ്രതികൾക്കാണ് ഈ മോചനം ലഭിക്കുക.
നേരത്തെയും ഷെറിന് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഷെറിന് തുടർച്ചയായി പരോൾ ലഭിച്ചതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുകൾ നടന്നതും ശുപാർശയ്ക്ക് ശേഷം ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതും സർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായി.
Also read – വീണ്ടും മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും സാധ്യത
ഇതിനെത്തുടർന്ന്, ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷയുടെ കാലാവധി, പരോൾ ലഭ്യത, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ അടങ്ങുന്ന ഒരു ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് ഇപ്പോൾ മോചിപ്പിക്കുന്നത്. ഷെറിൻ നിലവിൽ കണ്ണൂർ ജയിലിലാണ്.
മദ്യപിച്ച് വഴക്കുണ്ടാക്കി അയൽവാസികളെയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റ് രണ്ട് കേസുകളിലെ പ്രതികളാണ് ശിക്ഷാ ഇളവ് ലഭിച്ച മറ്റ് പത്ത് പേർ. മലപ്പുറത്തും തിരുവനന്തപുരത്തുമായി നടന്ന ഈ കേസുകളിൽ അഞ്ച് പ്രതികൾ വീതമാണുള്ളത്.
2009-ലാണ് ഭർത്തൃപിതാവായ ഭാസ്കരകാരണവരെ ഷെറിനും മറ്റ് മൂന്ന് പ്രതികളും ചേർന്ന് വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്.