Amoebic Meningoencephalitis: സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം
Amoebic Meningoencephalitis New Case In Kerala: രണ്ട് കുട്ടികൾ ഉൾപ്പെടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. അതിനിടെ കഴിഞ്ഞ എട്ട് ദിവസത്തിനിടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.

Amoebic Meningoencephalitis
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis). മലപ്പുറം വണ്ടൂർ സ്വദേശിയായ 55 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് കുട്ടികൾ ഉൾപ്പെടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. അതിനിടെ കഴിഞ്ഞ എട്ട് ദിവസത്തിനിടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.
വണ്ടൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ചാണ് രോഗികൾക്ക് നൽകുന്നുതെന്ന് അധികൃതർ അറിയിച്ചു. അതേസമയം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഒരാൾ ഇന്നലെ രാവിലെ മരിച്ചിരുന്നു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചത്. ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല(52), താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയ എന്നിവരാണ് അടുത്തിടെയായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വീടുകളിലെ കിണറുകൾ ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യുന്ന നടപടിയും തുടരുകയാണ്.