Rahul Mamkootathil: നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുൽ മാങ്കൂട്ടം എത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചിരുന്നു.

Rahul Mankoottathil
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്പീക്കറിനെ അറിയിച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രേഖമൂലമാണ് വിഡി സതീശൻ ഇക്കാര്യം സ്പീക്കറെ അറിയിച്ചത്. ഇതോടെ രാഹുല്‍ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.
എന്നാൽ നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് തീരുമാനം സഭ ചേരുന്നതിന് തലേന്ന് മാത്രമേ ഉണ്ടാകാനിടയുള്ളൂ. രാഹുൽ മാറി നിൽക്കുകയാണ് പ്രതിപക്ഷത്തിന് നല്ലതെന്ന വാദവും ഉയരുന്നുണ്ട്. രാഹുലിന്റെ നിലപാടും ഇക്കാര്യത്തില്‍ പരിഗണിക്കും. 15ന് കെപിസിസി നേതൃയോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Also Read:ബിൽജിത്തിന്റെ ഹൃദയം പതിമൂന്നുകാരിയില്‍ മിടിച്ച് തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം
അതേസമയം എംഎൽഎ എന്നനിലയിൽ രാഹുലിന് സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ലാത്തതിനാൽ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കുള്ളത്.എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും അത് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
ലൈംഗിക ആരോപണത്തെ തുടർന്നാണ് രാഹുലിനെതിരെ കോൺഗ്രസ് നടപടിയെടുത്തത്. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജി വെച്ചിരുന്നു. എന്നാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സിപിഐഎമ്മും രംഗത്തെത്തി. എന്നാൽ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് രാഹുലിനെ സസ്പെൻഡ് ചെയ്യുകയും ഇനി മത്സരിക്കാൻ സീറ്റ് നൽകേണ്ടതില്ലെന്നും കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.